കൂത്തമ്പലത്തിന്റെ മാതൃകയിലാണ് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിന്ന് ചുറ്റും ഡിസൈനർ കല്ല് പാകി വൃത്തയാക്കിയിരിക്കുന്നു. എണ്ണപ്പനകളും പൂച്ചെടികളും, ഊഞ്ഞാലും, കുട്ടികൾക്ക് കളിയ്ക്കാൻ കളിപ്പാട്ടങ്ങളുമായി ആകെമൊത്തം ഒരു ‘റിച്ച്’ ലുക്ക്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അകവും ഒരു 3 സ്റ്റാർ ഹോട്ടലിലിന്റെ സൗകര്യങ്ങളാണ്. കയറിച്ചെല്ലുമ്പോൾ തന്നെ റിസപ്ഷൻ, രോഗികൾക്ക് ഇരിക്കാൻ സോഫ, കസേര, കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ, വായിക്കാൻ നിരവധി പുസ്തകങ്ങൾ. സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കുന്ന ആരോഗ്യ വകുപ്പിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായാണ് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുഖച്ഛായ മാറ്റിയത്.
മാർച്ചിൽ പ്രവർത്തനം ആരംഭിച്ചു എങ്കിലും അടുത്തിടെ ട്വിറ്ററിൽ രവി നായർ എന്ന് പേരുള്ള ഉപഭോക്താവ് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് ദേശീയ ശ്രദ്ധ നേടിയത്. ‘ഇത് കേരളത്തിലെ ഒരു പ്രൈമറി ഹെൽത്ത് സെന്റർ. ഉത്തർ പ്രാദേശിലെയും, ബിഹാറിലെയും, മദ്ധ്യപ്രദേശിലെയും, ഗുജറാത്തിലെയും പ്രൈമറി ഹെൽത്ത് സെന്ററുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യൂ’ എന്ന കുറിപ്പോടെയാണ് രവി നായരുടെ ട്വീറ്റ്.
പ്രതീക്ഷിച്ചതുപോലെ നിരവധി പേരാണ് മേല്പറഞ്ഞ സംസ്ഥാനങ്ങളിലെ പ്രൈമറി ഹെൽത്ത് സെന്ററുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പലതും പരിതാപകരമായ അവസ്ഥയിലാണ് എന്നുള്ളത് കേരളത്തിലെ ആരോഗ്യമേഖലയുടെ മികച്ച അവസ്ഥ വെളിപ്പെടുത്തുന്നു. അജയ് ക്യാപ്പ്സ് എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവ് വൃത്തി ഹീനമായ അവസ്ഥയിലുള്ള ബിഹാറിലെ ധർബംഗാ മെഡിക്കൽ കോളജ് പരിസരത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിടത്തിന് മുൻപിലെ വെള്ളക്കെട്ട് ചൂണ്ടി സ്വിമ്മിങ് പൂൾ സഹിതമാണ് ആശുപത്രി എന്നാണ് ട്വീറ്റ്. ഗോരഖ്പൂരിലേ കുശിനഗറിലെ പൊളിഞ്ഞു വീഴാറായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി ഹെൽത്ത് സെന്ററിന്റെ ചിത്രം ഷാ ആലം ഖാൻ എന്ന വ്യക്തിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.