തിരുവനന്തപുരം> പതിനഞ്ചാം നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് നിയമസഭയിൽ തുടങ്ങി . തൃത്താലയിൽനിന്നുള്ള എം ബി രാജേഷാണ് എൽഡിഎഫിന്റെ സ്ഥാനാർഥി. പി സി വിഷ്ണുനാഥ് (കുണ്ടറ) ആണ് യുഡിഎഫ് സ്ഥാനാർഥി.
പ്രേടേം സ്പീക്കർ പിടിഎ റഹീമിന്റെ നേതൃത്വത്തിൽ ആണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് മന്ത്രി എം വി ഗോവിന്ദൻ വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരുടേയും എംഎൽഎമാരുടെയും ഇരിപ്പിടത്തിന്റെ ക്രമത്തിലാണ് വോട്ടുചെയ്യാൻ വിളിക്കുന്നത്. ബാലറ്റ് പേപ്പറിൽ ഗുണനചിഹ്നമിട്ടാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
.jpg)
ഇരു സ്ഥാനാർഥികളും തിങ്കളാഴ്ച നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണൻ നായർക്ക് നാമനിർദേശ പത്രിക കൈമാറി. എം ബി രാജേഷിനായി രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു. ഒന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പേര് നിർദേശിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ പിന്താങ്ങി. മറ്റൊന്നിൽ സിപിഐ കക്ഷി നേതാവ് ഇ ചന്ദ്രശേഖരൻ പേര് നിർദേശിച്ചു. ജെഡിഎസ് കക്ഷി നേതാവ് മാത്യു ടി തോമസ് പിന്താങ്ങി. വിഷ്ണുനാഥിനെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിർദേശിച്ചു. മുസ്ലിംലീഗ് കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പിന്താങ്ങി.
എൽഡിഎഫിന് 99 ഉം, യുഡിഎഫിന് 41 ഉം അംഗങ്ങളാണുള്ളത്.പ്രോടേം സ്പീക്കർക്ക് പുറമെ 136 എംഎൽഎമാരാണ് ഇന്നലെ സഭയിൽ സത്യപ്രതിജ്ഞ ചെയ്തത്. ആരോഗ്യകാരണങ്ങളാൽ 3 എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. എൽഡിഎഫിൽനിന്ന് മന്ത്രി വി അബ്ദുറഹ്മാൻ , നെന്മാറ എംഎൽഎ കെ ബാബു, യുഡിഎഫിന്റെ കോവളം എംഎൽഎ വിൻസെൻറ് എന്നിവർക്കാണ് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്നത്. ഇന്നും അവർ സഭയിൽ എത്തിയിട്ടില്ല. കീഴ്വഴക്കമനുസരിച്ച് പ്രോടേം സ്പീക്കർ വോട്ട് ചെയ്യുക പതിവില്ല.
ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് പിന്നീട്
ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് സ്പീക്കർ തീരുമാനിക്കും. പുതുക്കിയ ബജറ്റ് ജൂൺ നാലിന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും. ഏഴിന് ആരംഭിക്കുന്ന പൊതുചർച്ചയ്ക്ക് തുടക്കമിടുന്നത് ഡെപ്യൂട്ടി സ്പീക്കർ ആയിരിക്കണമെന്ന കീഴ്വഴക്കമുണ്ട്. ഇതിനുമുമ്പ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത.
സിപിഐയിലെ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് എൽഡിഎഫ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി. യുഡിഎഫ് മത്സരിക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.















