മലപ്പുറം:ട്രിപ്പിൾ ലോക്ക്ഡൗണിലും രോഗവ്യാപനം കുറയാത്ത മലപ്പുറം ജില്ലയിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി.
മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഒമ്പത് ദിവസം പിന്നിട്ടു. സർക്കാർ നടത്തുന്ന തീവ്ര ശ്രമങ്ങൾക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല.മലപ്പുറത്ത് ഇപ്പോൾ കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽ നിന്ന് തന്നെയാണ്. കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് ഇതിൻറെ വ്യാപ്തി വർധിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗം രോഗബാധിതനായാൽ വീട്ടിൽ തന്നെ ക്വാറൻറൈനിൽ തുടരുകയും ഇയാളിൽ നിന്ന് മറ്റംഗങ്ങളിലേക്ക് രോഗം പകരുകയുമാണ് ചെയ്യുന്നത്. മതിയായ ക്വാറൻറൈൻ സൗകര്യമില്ലാത്ത വീടുകളിൽ നിന്ന് പോസിറ്റീവ് ആയവരെ സി എഫ് എൽ. ടി.സി യിൽ മാറ്റാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ ക്യാറന്റെയിനിൽ കഴിയുന്നവരെ താമസിപ്പിക്കാൻ പ്രത്യേക വാസസ്ഥലം ഒരുക്കും.- മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കരുതൽ വാസകേന്ദ്രങ്ങൾആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രികൾ സജ്ജീകരിക്കും. ഇതിന് പുറമെ 400 ബെഡുകളുള്ള സിഎഫ്എൽടിസികളും ഒരുക്കുന്നുണ്ട്. പ്രാദേശികമായി സ്റ്റെബിലൈസേഷൻ സെൻററുകൾ ഒരുക്കും. ഇവിടെ ഓക്സിജൻ പാർലറുകളും അടിയന്തരമായി നൽകേണ്ട ചികിൽസകൾക്കുള്ള സൗകര്യങ്ങളുമുണ്ടാവും. 15 മെഡിക്കൽ ബ്ലോക്കുകളിലും പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
ക്വാറൻറൈനിലുളളവർ പുറത്തിറങ്ങിയാൽ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെ സിഎഫ്എൽടിസികളിലേക്ക് മാറ്റും.ട്രിപ്പിൾ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ആൻറിജൻ പരിശോധന നടത്തി പോസിറ്റീവായവരെ സിഎഫ്എൽടിസികളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ 10,000 (പതിനായിരം) ലിറ്റർ ശേഷിയുള്ള ഓക്സിജൻ സംഭരണി ഇന്ന് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന പഴയ ടാങ്കുകൾ പെരിന്തൽമണ്ണ, തിരൂർ ആശുപത്രികളിൽ സ്ഥാപിക്കും.
മലപ്പുറത്ത് പൊലീസ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം വ്യാപകമായ പരിശോധന നടത്തിവരികയാണ്.തക്കതായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആളുകൾ വീടിന് പുറത്തിറങ്ങാവു. ഇക്കാര്യത്തിൽ സർക്കാരിന്റെനിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും വീണ്ടും അഭ്യർത്ഥിക്കുന്നു.
രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പർക്കമുള്ളവരും പരിശോധനയ്ക്ക് സ്വയം സന്നദ്ധരായി സ്വയം മുന്നോട്ടുവന്നാലേ രോഗവ്യാപനം തടയാൻ സാധിക്കൂ. മലപ്പുറം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും പുലർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.