തിരുവനന്തപുരം
ട്രിപ്പിൾ ലോക്ഡൗണുള്ള മലപ്പുറം ജില്ലയിൽ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തിറങ്ങുന്നവരെ പിടികൂടിയാൽ ആന്റിജൻ പരിശോധനയിൽ പോസിറ്റീവാണെങ്കിൽ സിഎഫ്എൽടിസിയിലാക്കും. സമ്പർക്കവിലക്കുള്ളവർ പുറത്തിറങ്ങിയാൽ കണ്ടെത്തി കേസെടുത്ത് സിഎഫ്എൽടിസികളിലേക്ക് മാറ്റും. പാലക്കാട് ജില്ലയിലും നിയന്ത്രണം കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വ്യാപകമായി പരിശോധിക്കുകയാണ്. തക്കതായ കാരണമുണ്ടെങ്കിൽ മാത്രമേ ആളുകൾ വീടിന് പുറത്തിറങ്ങാവൂ. എന്നാൽ ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായാൽ പരിശോധിക്കും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കരുതൽ വാസകേന്ദ്രങ്ങൾ ആരംഭിക്കും. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രികൾ സജ്ജീകരിക്കും. ഇതിന് പുറമെ 400 കിടക്കയുള്ള സിഎഫ്എൽടിസികളും ഒരുക്കുന്നുണ്ട്. പ്രാദേശികമായി സ്റ്റെബിലൈസേഷൻ സെന്ററുകളൊരുക്കും. ഇവിടെ ഓക്സിജൻ പാർലറുകളും അടിയന്തരമായി നൽകേണ്ട ചികിത്സകൾക്കുള്ള സൗകര്യങ്ങളുമുണ്ടാകും. 15 മെഡിക്കൽ ബ്ലോക്കിലും പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10,000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ സംഭരണി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന പഴയ ടാങ്കുകൾ പെരിന്തൽമണ്ണ, തിരൂർ ആശുപത്രികളിൽ സ്ഥാപിക്കും.
പടരുന്നത് കൂടുതലും
വീട്ടിൽനിന്ന്
സർക്കാർ നടത്തുന്ന തീവ്ര ശ്രമങ്ങൾക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മലപ്പുറം ജില്ലയിൽ ഉണ്ടായിട്ടില്ല. കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽനിന്ന് തന്നെയാണ്. കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് വ്യാപ്തി വർധിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗം രോഗബാധിതനായാൽ വീട്ടിൽതന്നെ സമ്പർക്കവിലക്കിൽ തുടരുകയും ഇയാളിൽനിന്ന് മറ്റംഗങ്ങളിലേക്ക് രോഗം പകരുകയുമാണ്. മതിയായ സമ്പർക്കവിലക്ക് സൗകര്യമില്ലാത്ത വീടുകളിൽനിന്ന് രോഗബാധിതരെ സിഎഫ്എൽടിസിയിലേക്ക് മാറ്റും. രോഗലക്ഷണങ്ങളോടെ സമ്പർക്കവിലക്കിൽ കഴിയുന്നവരെ താമസിപ്പിക്കാൻ പ്രത്യേക വാസസ്ഥലം ഒരുക്കും.