തിരുവനന്തപുരം
സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 12 ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി പട്ടിക സംസ്ഥാന സർക്കാർ യൂണിയൻ പബ്ലിക് സർവീസ് കമീഷന്(യുപിഎസ്സി) കൈമാറി. അരുൺകുമാർ സിൻഹ, ടോമിൻ ജെ തച്ചങ്കരി, കെ സുധേഷ്കുമാർ എന്നിവരാണ് പട്ടികയിൽ സീനിയർമാർ. നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജൂൺ 30ന് വിരമിക്കും.
സംസ്ഥാന സർക്കാർ കൈമാറിയ 12 പേരിൽനിന്ന് മൂന്ന് പേരുടെ പട്ടിക യുപിഎസ്സി സംസ്ഥാന സർക്കാരിന് കൈമാറും. ഇതിനായി യുപിഎസ്സി ചെയർമാന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയുണ്ടാക്കും. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിലവിലെ പൊലീസ് മേധാവി, ഏതെങ്കിലും കേന്ദ്ര പൊലീസ് സേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവരും അംഗങ്ങളാകും. ഇവർ യോഗം ചേർന്നാകും മൂന്നുപേരുടെ പട്ടിക തയ്യാറാക്കുക. ഈ പട്ടികയിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയായി നിയമിക്കാം.
യുപിഎസ്സി സമിതി പട്ടിക തയ്യാറാക്കുമ്പോൾ മൂന്ന് കാര്യങ്ങളാണ് പരിശോധിക്കുക; സീനിയോറിറ്റി, വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട്, കേരള പൊലീസിലുള്ള പരിചയം. ഈ സമിതി താമസിയാതെ രൂപീകരിക്കപ്പെടും.
അരുൺകുമാർ സിൻഹയാണ് സീനിയർ. രണ്ടാമൻ തച്ചങ്കരിയും മൂന്നാമൻ സുധേഷ്കുമാറും. ഇതിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹ തിരികെ വരാൻ സാധ്യത കുറവാണ്. അദ്ദേഹം 1984 ഡിസംബർ 23നാണ് സർവീസിൽ പ്രവേശിച്ചത്. ടോമിൻ ജെ തച്ചങ്കരി 1987 ആഗസ്ത് 24നും സുധേഷ്കുമാർ 1987 ഡിസംബർ 15നുമാണ് സർവീസിൽ കയറിയത്. അതിനാൽ സിൻഹ മാറുകയാണെങ്കിൽ തച്ചങ്കരിയാണ് സീനിയോറിറ്റിയിൽ രണ്ടാമൻ. ഇവരെ കൂടാതെ ബി സന്ധ്യ, അനിൽകാന്ത്, നിതിൻ അഗർവാൾ, എസ് ആനന്തകൃഷ്ണൻ, കെ പത്മകുമാർ, ഷേക് ദർവേഷ് സാഹബ്, ഹരിനാഥ് മിശ്ര, രവഡ ചന്ദ്രശേഖർ, സഞ്ജീവ് കുമാർ പട്ജോഷി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.