ആലപ്പുഴ: തുറവൂർ ചാവടിയിൽ സുഹൃത്തുക്കളായ രണ്ട് പേർ മരിച്ചത് മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചത് മൂലമാണെന്ന് സംശയം. ചാവാടി സ്വദേശികളായ സ്റ്റീഫൻ (50), ബൈജു (48) എന്നിവരാണ് ഇന്ന് രാവിലെ മരിച്ചത്.
വീട്ടിൽ വെച്ചാണ് സ്റ്റീഫൻ മരിച്ചത്. ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ ബൈജു മരിച്ചിരുന്നതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരുടെ വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ സാനിറ്റൈസർ കുപ്പിയും ഗ്ലാസും കണ്ടെത്തി.
ബൈജുവിനെയാണ് ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധരഹിതനായതോടെ തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റീഫനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണവിവരം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക.