കോഴിക്കോട് > ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് വര്ഗീയവല്ക്കരിക്കാനുള്ള മുസ്ലിംലീഗ്ശ്രമത്തെ പിന്തുണച്ച് ജമാഅത്തെ ഇസ്ലാമിയും പോപ്പുലര് ഫ്രന്ഡും. വകുപ്പിന് മുസ്ലിംമന്ത്രി വേണമെന്ന ലീഗ് വാദം ആവര്ത്തിച്ചാണ് മത രാഷ്ട്രട്രവാദികളായ ജമാഅത്തെയുടെയും തീവ്രവാദ സംഘടനയായ പോപുലര് ഫ്രന്ഡിന്റെയും രംഗപ്രവേശം.
സമസ്തയടക്കം പ്രധാന സമുദായ സംഘടനകള് മുഖ്യമന്ത്രിയെയും എല്ഡിഎഫ് സര്ക്കാരിനെയും പിന്തുണച്ചിട്ടുണ്ട്. വിഷയം മതവല്ക്കരിക്കാനുള്ള ശ്രമത്തില് സമുദായത്തിനകത്ത് ലീഗ് ഒറ്റപ്പെടുമ്പോഴാണ് മതരാഷ്ട്ര–തീവ്രവവാദസംഘടനകള് ലീഗ് നിലപാടേറ്റെടുത്തതെന്നത് ശ്രദ്ധേയം. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ആശാസ്യകരമല്ലെന്ന് പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര് പറഞ്ഞു.
സര്ക്കാരിന് ആശംസ എന്ന മറവില് മാധ്യമങ്ങള്ക്ക് നല്കിയ ലേഖനത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ അധിക്ഷേപം. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സംഘപരിവാര് പ്രചരണത്തിന്റെ ചുവടുപിടിച്ചാണെന്ന് ലേഖനത്തില് ജമാഅത്തെ സംസ്ഥാന അമീര് എം ഐ അബ്ദുള് അസീസ് ആരോപിച്ചു. മന്ത്രിസഭയില് വ്യക്തമായ പ്രാതിനിധ്യമില്ല, അസന്തുലിതത്വമുണ്ട് തുടങ്ങിയ വിമര്ശനങ്ങളും ഉന്നയിച്ചു.
ലീഗിന്റെ ചരടുവലിക്കനുസരിച്ചാണ് ജമാഅത്തെയും പോപ്പുലര്ഫ്രന്ഡും ലീഗുയര്ത്തിയ അതേ വാദങ്ങള് ഉന്നയിച്ച് രംഗത്തുവന്നതെന്നാണ് സൂചന. ലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു ഈ വാദങ്ങളെല്ലാം ആദ്യം അവതരിപ്പിച്ച് സര്ക്കാരിനെ ആക്ഷേപിച്ചത്.