കൊച്ചി> സംസ്ഥാന നിയമസഭയില് അംഗങ്ങളെ കൂടാതെ സംസാരിക്കാന് അനുമതിയുള്ളത് രണ്ടുപേര്ക്ക് മാത്രം.സംസ്ഥാന ഗവര്ണര്ക്കും അഡ്വക്കേറ്റ് ജനറലിനുമാണ് ഭരണഘടനാ ദത്തമായ ഈ അവകാശം. ഗവര്ണര്ക്ക് എല്ലാ സഭയുടെയും തുടക്കത്തിലും എല്ലാവര്ഷവും സഭയുടെ ആദ്യ പ്രവൃത്തിദിനത്തിലും സഭയില് സംസാരിക്കാം. സര്ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഈ ഘട്ടത്തില് ഗവര്ണര് വായിക്കും.
അഡ്വക്കേറ്റ് ജനറലിനു സഭയിലെത്താന് കഴിയുന്നത് സഭ ആവശ്യപ്പെടുമ്പോള് മാത്രം. എന്നാല് സഭയില് മുഖ്യമന്ത്രിയുടെ സമീപത്ത് ഒരു സീറ്റ് സഭയില് എജിയ്ക്കായി ഒഴിച്ചിട്ടിട്ടുണ്ടാകും. ഈ സീറ്റില് വന്നാകും അദ്ദേഹം സംസാരിക്കുക.സഭയുടെ പരിഗണനയിലുള്ള ഒരു നിയമത്തെപ്പറ്റി തര്ക്കങ്ങള് ഉയരുമ്പോള് വ്യക്തത വരുത്താന് അഡ്വക്കേറ്റ് ജനറലിനെ സഭയിലേക്ക് വിളിച്ചുവരുത്താന് സ്പീക്കര്ക്ക് അധികാരമുണ്ട്. അത്യപൂര്വ്വമായാണ് ഇത്തരം ക്ഷണം ഉണ്ടാകുക. ഏറ്റവും ഒടുവില് ഇത്തരത്തില് സാന്നിധ്യം ഉണ്ടാകുന്നത് 1994 ലാണ്.
നിയമസഭ പഞ്ചായത്ത് രാജ് നിയമം പരിഗണിക്കുമ്പോഴായിരുന്നു എജി ഹാജരായത് .ബില്ലിലെ ചില വ്യവസ്ഥകളെപ്പറ്റി അംഗങ്ങളുടെ സംശയം തീര്ക്കാന് എജി വരണമെന്ന് സ്പീക്കര് പി പി തങ്കച്ചന് ആവശ്യപ്പെടുകയായിരുന്നു. അംഗങ്ങളായ വിജെ തങ്കപ്പന്, കോലിയക്കോട് കൃഷ്ണന് നായര്, സി കെ ചന്ദ്രപ്പന്, വി വി രാഘവന്, കൃഷ്ണന് കണിയാമ്പറമ്പില് എന്നിവര് ഉയര്ത്തിയ സംശയങ്ങള് എജിക്ക് എഴുതി നല്കിയിരുന്നു. എന്നാല് എ ജി ക്ക് അനാരോഗ്യം ആയിരുന്നതിനാല് അന്നത്തെ അഡീഷണല് എജി സിറിയക്ക് ജോസഫ് ആണ് ഹാജരായത്. (ഇദ്ദേഹം പിന്നീട് കേരള ഹൈക്കോടതി ജഡ്ജിയായും ഉത്തരാഖണ്ഡിലും കര്ണാടകത്തിലും ചീഫ് ജസ്റ്റിസായും പ്രവര്ത്തിച്ചു. സുപ്രീം കോടതി ജഡ്ജിയായാണ് വിരമിച്ചത്).
സഭയുടെ അന്നത്തെ ചോദ്യോത്തരവേള റദ്ദാക്കിയിരുന്നു. എട്ടരയ്ക്ക് ആദ്യ പരിപാടിയായി എജിയുടെ പ്രസംഗം ആരംഭിച്ചു. രാവിലെ പത്തുവരെ അദ്ദേഹത്തിന്റെ സംസാരവും ഇടയ്ക്കിടെ അംഗങ്ങളുടെ ചോദ്യങ്ങളുമായി സഭ തുടര്ന്നു. പത്തിന് സ്പീക്കറുടെ അനുമതിയോടെ അദ്ദേഹം മടങ്ങിപ്പോയി.
സംസാരിക്കാന് കഴിയില്ലെങ്കിലും സഭയ്ക്കുള്ളില് ഹാജരാകാന് അവസരം ലഭിക്കുന്ന മറ്റൊരു കൂട്ടര് സഭയുടെ അവകാശ ലംഘിക്കുന്നവരാണ്. കേരള നിയമസഭയില് രണ്ടു പത്രാധിപന്മാരെ ഇങ്ങനെ ഹാജരാക്കി ശാസിച്ചിട്ടുണ്ട്. 1972 ഒക്ടോബര് 31നു തനിനിറം മാനേജിംഗ് എഡിറ്റര് കലാനിലയം കൃഷ്ണന് നായരെയും 1989 ഫെബ്രുവരി ഒന്നിന് സ്വദേശി പത്രാധിപര് എം വി ചെറൂസിനെയുമാണ് ഇങ്ങനെ ശിക്ഷിച്ചത്.
ഇങ്ങനെ കൊണ്ടുവരുന്നവര്ക്കായി സഭയില് പ്രതിക്കൂടൊരുങ്ങും. സ്പീക്കറുടെ ഇരിപ്പിടത്തിനു നേരെ എതിരെ ദൂരെയായി കോടതിയിലെ പ്രതിക്കൂട് പോലെയാണ് ഇത് സജ്ജമാക്കുക. ഇവരെ സഭയുടെ സുരക്ഷാ മേധാവിയായ ചീഫ് മാര്ഷലാണ് പ്രതിക്കൂട്ടില് കൊണ്ട് നിര്ത്തുന്നത്. കുറ്റം സ്പീക്കര് വിശദീകരിക്കും. ശാസിക്കുന്നതയി പറയുന്നതോടെ ഇവരെ മാര്ഷല് തന്നെ തിരികെ കൊണ്ടുപോകും. മറ്റ് ശിക്ഷയൊന്നുമില്ല.
ഇന്ത്യാ- പാക് യുദ്ധം നടക്കുന്ന കാലത്ത് സ്പീക്കര് മൊയ്തീന്കുട്ടി ഹാജിക്കെതിരെ എഴുതിയ മുഖപ്രസംഗത്തിനാണ് കലാനിലയം കൃഷ്ണന് നായരെ ശിക്ഷിച്ചത്., . ‘സ്പീക്കറുടെ കൂറെവിടെ’ എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. പിറ്റേന്ന് ഇറങ്ങിയ തനിനിറത്തില് ‘തനിനിറം പത്രാധിപർ നിയമസഭയിൽ’ എന്ന തലക്കെട്ടില് ശാസന വാര്ത്ത കൃഷ്ണന് നായര് പ്രസിദ്ധീകരിച്ചതും വിവാദമായി.
പാലക്കാട് എംഎൽഎയായിരുന്ന സി.എം.സുന്ദരത്തെ ഒരു ഹോട്ടലില് കൈയേറ്റം ചെയ്തെന്ന പരാതിയിലാണ് സ്വദേശി സായാഹ്ന പത്രത്തിന്റെ പത്രാധിപര് എം വി ചെറൂസിനെ ശിക്ഷിച്ചത്. പത്രത്തിലെ ജീവനക്കാരുടെ പ്രശ്നങ്ങള് നിയമസഭയില് ഉന്നയിച്ചതിന് എംഎൽഎയെ കൈയേറ്റം ചെയ്തതാണ് സഭയുടെ അവകാശലംഘനമായത്.
ഗവര്ണറും എജിയും കൂടാതെ ഇന്ത്യന് രാഷ്ട്രപതിമാരും കേരള നിയമസഭയില് സംസാരിച്ചിട്ടുണ്ട്. 1997 സപ്തംബര് 18നു കെ ആര് നാരായണനും ഡോ എ പി ജെ അബ്ദുള്കലാം 2005 ജൂലൈ 28നും പ്രണബ് കുമാര് മുഖര്ജി 2012 ഒക്ടോബര് മുപ്പതിനുമാണ് സഭാംഗങ്ങളോട് സംസാരിച്ചിട്ടുള്ളത്.