മാധ്യമങ്ങളിൽ വരുന്ന വാർത്തയ്ക്ക് എന്ത് അടിസ്ഥാനമാണെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. അതേസമയം പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് എല്ലാവിധ പിന്തുണയും നല്കുമെന്ന് അദ്ദേഹം പറഞ്ഞു. വി ഡി സതീശൻ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ.
എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകും. പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംഎൽഎ സ്ഥാനത്ത് കൂടുതൽ ശോഭിക്കാനായത് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് ആയിരുന്ന കാലത്താണെന്ന് വി ഡി സതീശൻ പറഞ്ഞത്. നേരത്തെ എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേർത്ത് ഈ പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു.
പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയിൽ അല്ല ഈ പദവി ഏറ്റെടുക്കുന്നത്. പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവർത്തനമാണ് ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. “കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം. എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേർത്ത് ഈ പ്രവർത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.