ന്യൂഡല്‍ഹി > കര്ഷകസമരത്തിനു ആറ് മാസം തികയുന്ന 26നു സംയുക്ത കര്ഷകസമരസമിതി നേതൃത്വത്തില്‍ നടക്കുന്ന കരിദിനാചരണത്തിനു 12 പ്രധാന രാഷ്ട്രീയപാര്‍ടികള്‍ സംയുക്തമായി പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകര്‍ കോവിഡ് മഹാമാരിക്ക് ഇരകളാകുന്നത് ഒഴിക്കാന്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ പാര്‍ടികളുടെ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചിട്ടുണ്ട്. കേന്ദ്രം പിടിവാശി ഉപേക്ഷിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം.
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ(ജെഡിഎസ്), എന്‍സിപി അധ്യക്ഷന്‍ ശരദ്പവാര്‍ എന്നിവരും മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി(തൃണമൂല്‍), ഉദ്ധവ് താക്കറേ(ശിവസേന), എം കെ സ്റ്റാലിന്(ഡിഎംകെ), ഹേമന്ത് സോരന്‍(ജെഎംഎം) എന്നിവരാണ് പ്രതിഷേധദിനാചരണത്തിനു പിന്തുണ പ്രഖ്യാപിച്ചത്. മുന്‍മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള(നാഷണല്‍ കോണ്‍ഫറന്‍സ്),അഖിലേഷ് യാദവ്(എസ്പി) ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ് എന്നിവരാണ് മറ്റു നേതാക്കള്‍.
കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ നവംബര്‍ 26നു ഡല്‍ഹി അതിര്‍ത്തികളില്‍ ആരംഭിച്ച കര്‍ഷകപ്രക്ഷോഭം ശക്തമായി തുടരുകയാണ്. രാജ്യത്തിനു തുടര്‍ന്നും അന്നം ലഭിക്കാന്‍ കര്‍ഷകരുടെ ജീവന് രക്ഷിക്കണം. സ്വാമിനാഥന് കമീഷന് ശുപാര്‍ശപ്രകാരമുള്ള മിനിമം താങ്ങുവില നിയമപരമായി പ്രഖ്യാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.