സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ അത് പ്രതിഫലിച്ച് കാണാം. എന്നാൽ ഇപ്പോൾ സ്വതന്ത്രമായി സഞ്ചരിക്കാം എന്നല്ല ഇത് അര്‍ത്ഥമാക്കുന്നത്. ലോക്ക് ഡൗണിന് ശേഷം കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. ഇത് സമ്പര്‍ക്കം കുറഞ്ഞതിന്റെ ഫലമാണെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന കേസുകളിൽ ഭൂരിഭാഗവും പത്ത് ദിവസം മുമ്പ് രോഗബാധിതരായവരുടേതാണ്. ലോക്ക് ഡൗൺ സ്വാധീനം വ്യക്തമാകണമെങ്കിൽ കുറച്ച് ദിവസംകൂടി കഴിയണം. നേരത്തെ നാം സ്വീകരിച്ചിട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട മരണനിരക്ക് കുറവാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബ്ലാക്ക് ഫംഗസ് സാധ്യത വര്‍ദ്ധിക്കുകയാണ്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
എല്ലാവര്‍ക്കും വാക്സിൻ നൽകാനുള്ള നടപടി പുരോഗമിക്കുകയാണ്. കേന്ദ്രത്തിൽ ഇതിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. 45 വയസിന് മുകളിലുള്ള പകുതിയിലേറെ പേര്‍ക്കും വാക്സിനേഷൻ പൂര്‍ത്തിയായി. മൺസൂൺ കാലത്ത് ഡെങ്കിപ്പനി പോലുള്ള അസുഖങ്ങൾ വരാൻ സാധ്യതയുണ്ടെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.