കോഴിക്കോട് > ന്യൂനപക്ഷ വകുപ്പ് ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാന് മുഖ്യമന്ത്രിക്ക് കഴിയുമെന്ന് സമസ്ത കേരള ജം ഇയ്യത്തുല് ഉലമ (ഇ കെ വിഭാഗം). വകുപ്പുകള് തീരുമാനിക്കാനും നിര്ണയിക്കാനുമുള്ള അധികാരം സര്ക്കാരിന് നേതൃത്വം നല്കുന്നവര്ക്കൊണെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള് പറഞ്ഞു.
വിഷയം വര്ഗീയവല്ക്കരിക്കാനുള്ള മുസ്ലിംലീഗ് നീക്കത്തിന് തിരിച്ചടിയാണ് സമസ്തയുടെ നിലപാട്. ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് സമസ്തയെ വലിച്ചിഴക്കേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില് സമസ്തക്ക് ബന്ധമില്ലെന്നും ജിഫ്രി തങ്ങള് പറഞ്ഞു.
വകുപ്പ് ആര് കൈകാര്യം ചെയ്താലും എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്ക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് വിരുദ്ധമായത് പ്രകടമായാല് അപ്പോള് പ്രതികരിക്കും. സമുദായങ്ങളെ അകറ്റാന് കാരണമാകുന്ന സാഹചര്യം ഉണ്ടാകരുത്. മുസ്ലിം സമുദായം അന്യായമായി പലതും കരസ്ഥമാക്കി എന്ന തെറ്റിദ്ധാരണാജനകമായ വിഷയത്തില് സര്ക്കാര് വസ്തുത വിശദീകരിക്കുന്നത് ഉചിതമായിരിക്കുമെന്നും തങ്ങള് അഭിപ്രായപ്പെട്ടു.