തിരുവനന്തപുരം > കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഇതുവരെയുള്ള പരിണാമം നിരീക്ഷിച്ചാല് അതിന്റെ ഉച്ചസ്ഥായി പിന്നിട്ടതായി അനുമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പക്ഷേ, ഉച്ചസ്ഥായി പിന്നിടുന്നതിനു ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും വര്ദ്ധിക്കുന്നതായി കാണുന്നത്. അതുകൊണ്ട് ആശുപത്രികളെ സംബന്ധിച്ചിടത്തോളം നിര്ണായകമായ സമയമാണിത്. ഈ ഘട്ടത്തെ നേരിടാനാവശ്യമായ ശക്തമായ മുന്കരുതലുകള് എല്ലാ ജില്ലാ ആശുപത്രികളിലും ജില്ലാ കലക്ടര്മാരുടെ നേതൃത്വത്തില് ഉറപ്പുവരുത്തണം. ജീവന് സംരക്ഷിക്കുക എന്നതാണ് ഇപ്പോള് നമ്മുടെ പ്രാഥമികമായ കര്ത്തവ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ കോവിഡ് തരംഗം പുതിയ ചില പാഠങ്ങള് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എത്രത്തോളം രോഗബാധ ഉയരാം; വൈറസുകളുടെ ജനിതക വ്യതിയാനം എന്തെല്ലാം ഭീഷണികളുയര്ത്താം; നമ്മുടെ ആരോഗ്യസംവിധാനങ്ങള് അതിനനുസരിച്ച് എങ്ങനെ തയ്യാറെടുക്കണം; മറ്റു സര്ക്കാര് സംവിധാനങ്ങള് എങ്ങനെ വിന്യസിക്കണം; സാമൂഹ്യജാഗ്രത എത്തരത്തില് പ്രായോഗികവല്ക്കരിക്കണം ഇങ്ങനെയുള്ള കാര്യങ്ങളില് പുതിയ ഉള്ക്കാഴ്ചകള് പുതിയ കോവിഡ് തരംഗത്തിന്റെ അനുഭവങ്ങള് നമുക്ക് നല്കിയിട്ടുണ്ട്. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള ശക്തമായ സാധ്യതകള് നിലനില്ക്കേ ഈ അനുഭവങ്ങളെ വിശദമായി വിലയിരുത്തി കൂടുതല് മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാനുള്ള ശക്തമായ നടപടികള് സര്ക്കാര് ഉടനടി ആരംഭിക്കും.
ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പരിപൂര്ണമായ പിന്തുണയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില് വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ നമ്മുടെ നാട്ടില് പിടിച്ചുനിര്ത്താന് സഹായകമായ പ്രധാന ഘടകം. അനേകം വിഷമതകളെ അതിജീവിച്ച് ദൃഢനിശ്ചയത്തോടെ സര്ക്കാരിനൊപ്പം നിന്നത് ജനങ്ങളാണ്. ഈ ജാഗ്രത കുറച്ചു നാളുകള് കൂടെ ഇതേപോലെ കര്ശനമായ രീതിയില് തുടരേണ്ടതുണ്ട്.
മൂന്നാം തരംഗം ഉണ്ടാകാന് സാധ്യതയെന്ന് സാര്വദേശീയ തലത്തിലും രാജ്യത്തും ചര്ച്ച നടക്കുന്നുണ്ട്. വാക്സിനെ അതിജീവിക്കാന് ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് ഒരു കാരണമായേക്കുക. വാക്സിന് എടുത്തവര്ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വം ഉണ്ട്. എന്നാല്, ഇവരും രോഗ വാഹകരാകാം. വാക്സിന് എടുത്തവര്ക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗങ്ങള് ഉള്ളതിനാലാണ്. അതുകൊണ്ട് അവര് കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധരോഗങ്ങളുടെ കാര്യത്തിലും കൂടുതല് ശ്രദ്ധ പുലര്ത്തണമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു.