പ്രതിപക്ഷ സ്ഥാനത്തേക്ക് വി ഡി സതീശനെ ഹൈക്കമാൻഡ് നിർദേശിച്ചതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല വസതിയൊഴിഞ്ഞത്. ദിവസങ്ങൾ നീണ്ട ചർച്ചയ്‌ക്ക് ഒടുവിലാണ് പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത്.
പ്രതിപക്ഷ നേതാവായി തുടരാൻ രമേശ് ചെന്നിത്തല സമ്മർദ്ദം ചെലുത്തിയിരുന്നു. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ അദ്ദേഹത്തിന് പിന്തുണ നൽകുകയും ചെയ്‌തതോടെ ചെന്നിത്തല പ്രതീക്ഷ പുലർത്തിയിരുന്നു. എന്നാൽ യുവ എംഎൽഎമാരുടെ ശക്തമായ നിലപാടിൽ ഹൈക്കമാൻഡ് സതീശനിലേക്ക് എത്തുകയായിരുന്നു. ഉമ്മൻ ചാണ്ടി, ചെന്നിത്തല എന്നിവരെ മറികടന്നാണ് നിർണായക തീരുമാനം ഹൈക്കമാൻഡിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നതാണ് ശ്രദ്ധേയം.
വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കാനുള്ള ഹൈക്കമാൻഡിൻ്റെ തീരുമാനത്തെം അംഗീകരിക്കുന്നതായി ചെന്നിത്തല പറഞ്ഞിരുന്നു. സതീശനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം എന്ന നിലയിലെ പരമ്പരാഗത കാര്യങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “മുന്നിലുള്ളത് വലിയ വെല്ലുവിളികൾ ആണെന്നതിൽ ബോധ്യമുണ്ട്. നേതാക്കൾ ഉൾപ്പെടെയുള്ളവരെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന് ഉറപ്പുണ്ട്. എല്ലാവരുടെയും പിന്തുണ ആവശ്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും തിരിച്ചുകയറാനുള്ള ശ്രമമാകും ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാകുകക”- എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.