പ്രതിപക്ഷം എന്ന നിലയിലെ പരമ്പരാഗത കാര്യങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകും. മുന്നിലുള്ളത് വലിയ വെല്ലുവിളികൾ ആണെന്നതിൽ ബോധ്യമുണ്ട്. നേതാക്കൾ ഉൾപ്പെടെയുള്ളവരെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന് ഉറപ്പുണ്ട്. എല്ലാവരുടെയും പിന്തുണ ആവശ്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും തിരിച്ചുകയറാനുള്ള ശ്രമമാകും ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാകുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളാകും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉണ്ടാകുക. സഹപ്രവർത്തകരുമായി ആലോചിച്ചാകും ഈ പരിഷ്‌കാരങ്ങൾ വരുത്തുക. പൊതുജനങ്ങളുടെ ആത്മവിശ്വാസം ആർജിക്കുകയാണ് ആദ്യലക്ഷ്യം. പ്രവർത്തകർക്ക് ആത്മവിശ്വാസം പകരേണ്ടതും ആവശ്യമാണ്. ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് രാഷ്‌ട്രീയ പാർട്ടികൾ എന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുകയാണ് യുഡിഎഫിൻ്റെ ആദ്യ ലക്ഷ്യമെന്നും സതീശൻ വ്യക്തമാക്കി.
പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലാകും വരും ദിവസങ്ങളിലെ യുഡിഎഫിൻ്റെ പ്രവർത്തനം. സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന എല്ലാവിധ നല്ല നടപടികളെയും പിന്തുണയ്‌ക്കും. വീഴ്‌ചകൾ ചൂണ്ടിക്കാണിക്കും. കൊവിഡ് മഹാമാരിക്കാലത്ത് സർക്കാരിനൊപ്പം നിലകൊള്ളും. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർക്കുമെന്നും വാർത്താസമ്മേളനത്തിൽ സതീശൻ കൂട്ടിച്ചേർത്തു.