ഇരുവർക്കുമിടയിലെ വഴക്കുകൾ കൂടിയപ്പോഴാണ് പരസ്പരം ചങ്ങലയിൽ ബന്ധിച്ചു തങ്ങളുടെ ഇഷ്ടം ഒന്ന് ടെസ്റ്റ് ചെയ്യാൻ വിക്ടോറിയയും അലക്സാണ്ടറും തീരുമാനിച്ചത്. മൂന്ന് മാസം കുഴപ്പമില്ലാതെ മുൻപോട്ട് പോയതോടെ ഇനി വിവാഹം കഴിക്കുന്ന ദിവസമേ ചങ്ങല അഴിക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിലാണ് ഇരുവരും. പക്ഷെ വിവാഹം എന്നത്തേക്ക് എന്നുള്ള തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. വിവാഹ നിശ്ചയം പോലും നടന്നിട്ടില്ല.
ഊരി മാറ്റാനോ, അഴിച്ചെടുക്കാനോ പറ്റാത്ത രീതിയിലാണ് ഇരുവരുടെയും കൈകളിൽ ചങ്ങല ബന്ധിപ്പിച്ചിരിക്കുന്നത്. പൊളിച്ചു മാറ്റുകയാണ് ഏക വഴി. ചങ്ങലയുമായി ജീവിക്കാൻ പല ക്രമങ്ങളിലും ഇരുവരും മാറ്റം വരുത്തി. മുകളിൽ നിന്ന് താഴേക്ക് സിപ്പുകളുള്ള പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളാണ് ഇരുവരും കഴിഞ്ഞ മൂന്ന് മാസം ഉപയോഗിച്ചത്. പൊതു ഇടങ്ങളിൽ ടോയ്ലറ്റുകൾ ഉപയോഗിക്കുന്നത് ഒരു വലിയ പ്രശ്നമായിരുന്നു എന്ന് ഇരുവരും പറയുന്നു. വിക്ടോറിയ പലപ്പോഴും അലക്സാണ്ടറിനെ സ്ത്രീലേക്കുള്ള വാഷ്റൂമിലേക്ക് കൊണ്ടുപോകാൻ നിർബന്ധിതയായി.
കാർ സെയിൽസ്മാനായി ജോലി ചെയ്യുന്ന അലക്സാണ്ടർ തന്റെ ജോലി സ്ഥലത്തേക്ക് വിക്ടോറിയയെ മൂന്നുമാസവും കൂടെക്കൂട്ടി. കൃത്രിമ കൺപീലി നിർമിക്കുന്ന ജോലി ചെയുന്ന വിക്ടോറിയ പക്ഷെ തന്റെ ജോലി വേണ്ട എന്ന് വയ്ക്കേണ്ടിവന്നു ഈ പരീക്ഷണത്തിനായി.
“ഞങ്ങൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പിണക്കത്തിലാവുമായിരുന്നു. ഒരു തവണ നമ്മൾ പിരിയുന്നതാണ് നല്ലത് എന്ന് വിക്ടോറിയ പറഞ്ഞു. എങ്കിൽ നിന്നോട് ഞാൻ എന്നെ ബന്ധിപ്പിക്കും എന്ന് ഞാനും പറഞ്ഞു. പിന്നീടാണ് ഞങ്ങൾ ചങ്ങലയിൽ ബന്ധിതരാവാൻ തീരുമാനിച്ചത്”, അലക്സാണ്ടർ പറഞ്ഞു.
പരസ്പരം ചങ്ങലയിൽ ബന്ധിച്ചു ജീവിച്ചതിനുള്ള ഉക്രേനിയൻ റെക്കോർഡ് ഇപ്പോൾ വിക്ടോറിയയുടെയും അലക്സാണ്ടറിന്റെയും പേരിലാണ്. ഒരു റിയാലിറ്റി ഷോയിലും പങ്കെടുക്കാൻ ഒരുങ്ങുന്ന ഇരുവരും വിവാഹം കഴിക്കുമ്പോൾ തങ്ങളുടെ ചങ്ങല ലേലത്തിൽ വയ്ക്കാനാണ് പ്ലാൻ. ലേലത്തിൽ ലഭിക്കുന്ന തുകയുടെ ഒരു പങ്ക് തങ്ങളുടെ ആവശ്യത്തിനും ബാക്കി ജീവകാരുണ്യപ്രവർത്തനത്തിനും നൽകാനാണ് ഇരുവരുടെയും പദ്ധതി.