ന്യൂഡല്‍ഹി: മാറ്റിവച്ച ഐപിഎൽ പൂർത്തിയാക്കുന്നതിനായി ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയില്‍ മാറ്റം വരുത്താൻ ബിസിസിഐ ഔദ്യോഗികമായി അഭ്യര്‍ഥിച്ചിട്ടില്ല എന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി).
ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന പരമ്പര ഒരു ആഴ്ചയ്ക്ക് മുന്‍പ് തുടങ്ങാന്‍ ബിസിസിഐ ആവശ്യപ്പെട്ടേക്കും എന്ന് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐപിഎല്ലില്‍ മാറ്റി വച്ച 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനായാണ് ഇത്.
ഇന്ത്യയില്‍ നിന്ന് ഔദ്യോഗികമായുള്ള അഭ്യര്‍ഥന ലഭിക്കാത്ത സാഹചര്യത്തില്‍ തീരുമാനിച്ച ക്രമത്തില്‍ തന്നെ മത്സരങ്ങള്‍ നടത്താനാണ് ഇസിബിയുടെ തീരുമാനം.
“കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന പരമ്പര ആയതുകൊണ്ട് തന്നെ ബിസിസിഐയെ നിരന്തരമായി ഞങ്ങള്‍ ബന്ധപ്പെടാറുണ്ട്. തിയതി മാറ്റി വയ്ക്കുന്ന കാര്യത്തെപ്പറ്റി ഇതുവരെയും ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല,” ഇസിബിയുടെ വക്താവ് പിടിഐയോട് പറഞ്ഞു.
Also Read: ഒരേ സമയം ഇന്ത്യയ്ക്ക് രണ്ട് ടീമുകള്‍, ചരിത്രത്തില്‍ ഇതാദ്യമെന്ന് മുന്‍ പാക്കിസ്ഥാന്‍ നായകന്‍
ഐപിഎല്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ 2,500 കോടി രൂപയുടെ നഷ്ടമാണ് ബിസിസിഐയ്ക്ക് സംഭവിക്കുക. ബയോ ബബിളിന് ഉള്ളില്‍ തന്നെ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് മാറ്റി വക്കാന്‍ തീരുമാനിച്ചത്.
ടെസ്റ്റ് പരമ്പരയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ബിസിസിഐ അന്വേഷിച്ചതായി മുന്‍ ഇംഗ്ലണ്ട് താരവും പ്രശ്സ്ത എഴുത്തുകാരനുമായ മൈക്കിള്‍ അതെര്‍റ്റണ്‍ ദി ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സാധ്യതകള്‍ തേടുന്നുണ്ടെന്നും ഔദ്യോഗിക നടപടികളിലേക്ക് കടന്നിട്ടില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു.
“കാര്യങ്ങള്‍ ഇപ്പോള്‍ അനുകൂലമാണ്. സാധ്യതകള്‍ ഉണ്ട്, പക്ഷെ ഒദ്യോഗികമായ നടപടികളിലേക്ക് കടന്നിട്ടില്ല. അതെര്‍റ്റണ്‍ ലേഖനത്തില്‍ എഴുതിയത് പോലെ ചില അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്,” ബിസിസിഐ വ്യത്തങ്ങള്‍ വ്യക്തമാക്കി.
The post ഐപിഎല്‍ നടത്തുന്നതിനായി ടെസ്റ്റ് പരമ്പരയില്‍ മാറ്റം വരുത്താന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ല: ഇസിബി appeared first on Indian Express Malayalam.