തിരുവനന്തപുരം > തുടര്ഭരണമെന്ന ചരിത്രമുഹൂര്ത്തത്തിന് സാക്ഷ്യം വഹിച്ച തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില്, സത്യപ്രതിജ്ഞാ വേദിയെ കോവിഡ് വാക്സിന് വിതരണകേന്ദ്രമാക്കി മാറ്റി. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം പന്തല് പൊളിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെ തന്നെ ഇവിടെ വാക്സിന് വിതരണം ആരംഭിച്ചു. 18 മുതല് 45 വരെ പ്രായമുള്ളവരുടെ വാക്സിനേഷനാണ് സെന്ട്രല് സ്റ്റേഡിയത്തില് നടന്നുവരുന്നത്.
കോവിഡ് രൂക്ഷമായിരിക്കെ സത്യപ്രതിജ്ഞാചടങ്ങിനായി സ്റ്റേഡിയത്തില് പന്തല് തയ്യാറാക്കിയതിനെ ചിലര് വിമര്ശനമുന്നയിച്ചിരുന്നു. ആ വിമര്ശനങ്ങള്ക്ക് മറുപടിയാണ് സര്ക്കാര് കൈക്കൊണ്ട മാതൃകാപരമായ തീരുമാനം. നേരത്തെ ജിമ്മി ജോര്ജ് സ്റ്റേഡിയത്തില് വാക്സിനേഷനായി തിരക്ക് കൂടുന്നുവെന്ന പരാതി ഉയര്ന്നിരുന്നു. സെന്ട്രല് സ്റ്റേഡിയത്തില്കൂടി വാക്സിനേഷന് ആരംഭിച്ചതോടെ ആ പരാതിക്കും പരിഹാരമാകുകയാണ്.
വെള്ളിയാഴ്ച 150 പേരാണ് ഇവിടെനിന്നും വാക്സിന് സ്വീകരിച്ചത്. നാളെ 200 പേര്ക്ക് വാക്സിന് നല്കാനാകുമെന്നാണ് കണക്കുകൂട്ടല്. കൂടുതല് സ്റ്റാഫിന്റെ ലഭ്യത ഉറപ്പാക്കുന്നതിനനുസരിച്ച് കൂടുതല് ആളുകള്ക്ക് പ്രതിദിനം വാക്സിന് നല്കാന് സാധിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര് അറിയിച്ചു.