27 മെയ് – ജൂൺ 2നും ഇടയ്ക്ക് മൺസൂൺ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മൺസൂണിൻ്റെ വരവോടെ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങളിൽ പ്രതിഫലനം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
ടൗട്ടെ ചുഴലിക്കാറ്റ് ഭീഷണി കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബാധിച്ച സാഹചര്യത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഇത്തവണ കൂടുതൽ കരുത്തോടെ എത്തുമോ എന്ന് വ്യക്തമല്ല. കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളെയാണ് ടൗട്ടെ ചുഴലിക്കാറ്റ് കൂടുതലായി ബാധിച്ചത്.
ഇത്തവണ ജൂൺ ഒന്നിന് മൺസൂൺ കേരളത്തിൽ എത്തുമെന്ന് കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയം മെയ് ആദ്യം അറിയിച്ചിരുന്നു. ജൂൺ ഒന്നിനകം സംസ്ഥാനത്ത് മൺസൂൺ എത്തുമെന്നാണ് ആദ്യ സൂചനകൾ ലഭ്യമായതായി ഭൗമ മന്ത്രാലയ സെക്രട്ടറി എം രാജീവന്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
സാധാരണയായുള്ള മൺസൂൺ തന്നെയാകും ഇത്തവണയും ഉണ്ടാകുകയെന്ന് കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയം മുൻപ് വ്യക്തമാക്കിയിരുന്നു. സാധാരണയുള്ള ശരാശരി മഴയുടെ 98 ശതമാനം ഇപ്രാവശ്യവും ലഭിക്കുമെന്നാണ് അറിയിച്ചത്.