തിരുവനന്തപുരം
പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി പ്രശസ്തരായ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന ‘നവകേരള ഗീതാഞ്ജലി’ സെൻട്രൽ സ്റ്റേഡിയത്തിലെ സ്ക്രീനിൽ വ്യാഴാഴ്ച പകൽ 2.50 മുതൽ പ്രദർശിപ്പിക്കും.
ഡോ. കെ ജെ യേശുദാസ്, എ ആർ റഹ്മാൻ, ഹരിഹരൻ, പി ജയചന്ദ്രൻ, കെ എസ് ചിത്ര, സുജാത, എം ജി ശ്രീകുമാർ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, മോഹൻലാൽ, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസി, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണിക്കൃഷ്ണൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യ നമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടർഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകുക. പരിപാടിയുടെ അവതരണം മമ്മൂട്ടിയാണ്.
ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആൽബം മലയാളത്തിൽ ആദ്യത്തേതാണ്. ചലച്ചിത്ര സംവിധായകൻ ടി കെ രാജീവ്കുമാറാണ് ആശയാവിഷ്കാരം. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി.
മൺമറഞ്ഞ കവികളുടേതിനു പുറമെ പ്രഭാവർമ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കേരള മീഡിയ അക്കാദമിയുമാണ് ആൽബം നിർമിച്ചത്.