തിരുവനന്തപുരം
പുതുമുഖങ്ങളെന്ന എൽഡിഎഫിന്റെ ഉജ്വല തീരുമാനത്തിലൂടെ രണ്ടാം പിണറായി മന്ത്രിസഭ അധികാരമേൽക്കുമ്പോൾ ഇകഴ്ത്തലുമായി ഒരു വിഭാഗം മാധ്യമങ്ങൾ. മന്ത്രിമാരുടെ പേരുകൾ പുറത്തുവന്നതുമുതൽ അതിന്റെ മേന്മയെ ഇകഴ്ത്തിക്കാട്ടാനാണ് ശ്രമിച്ചത്.
പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പുതുരക്തമെന്ന പൊതുമാനദണ്ഡമാണ് സ്ഥാനാർഥികളെ തീരുമാനിച്ചപ്പോഴും സ്വീകരിച്ചത്. തവണവ്യവസ്ഥ വച്ചപ്പോൾ ആർക്കും ഇളവുനൽകിയില്ല. മന്ത്രിമാരെ തീരുമാനിച്ചപ്പോഴും അതേനില സ്വീകരിച്ചു. ഇക്കാര്യങ്ങൾ സിപിഐ എം നേതാക്കൾ അക്കമിട്ട് വിശദീകരിച്ചതുമാണ്. എന്നിട്ടും മാധ്യമങ്ങൾ കണ്ണീർ കഥകൾക്ക് ശ്രമിച്ചു.
നിർണായക സന്ദർഭങ്ങളിലൊക്കെ വളഞ്ഞിട്ട് ആക്രമിച്ചവർതന്നെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പേരിൽ കണ്ണീരൊഴുക്കാൻശ്രമിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപൊട്ടി. ശൈലജതന്നെ കാര്യങ്ങൾ വിശദീകരിച്ചിട്ടും കുപ്രചാരണം അവസാനിപ്പിക്കാനുള്ള മാന്യത പല മാധ്യമങ്ങളും കാണിച്ചില്ല. ദേശീയപത്രമടക്കം ഒന്നാംപേജിൽ ‘ തഴഞ്ഞു’ എന്ന പച്ച നുണയെഴുതി.
‘ പ്രഗത്ഭരെ ഒഴിവാക്കി ’യത് തിരിച്ചടിയാകുമെന്ന് സ്ഥാനാർഥി പ്രഖ്യാപന വേളയിലും കള്ളക്കഥകളുണ്ടാക്കി. എന്നാൽ, ജനം എൽഡിഎഫിൽ പൂർണ വിശ്വാസമർപ്പിച്ചു.
പിന്നാലെ മന്ത്രിമാരെക്കുറിച്ചുള്ള മാധ്യമപ്രവചനങ്ങളും പാളി. ഇപ്പോഴത്തെ മന്ത്രിമാരാരും തുടരേണ്ടതില്ലെന്ന സിപിഐ എം തീരുമാനം വന്നപ്പോഴാകട്ടെ ഞെട്ടുകയായിരുന്നു പല മാധ്യമങ്ങളും. താനൂരിൽനിന്നുള്ള വി അബ്ദുറഹിമാൻ മന്ത്രിസഭയിലെത്തുമെന്ന് സ്വപ്നത്തിൽ പോലും ഇവരാരും കരുതിയുമില്ല. യുവജന രംഗത്ത് ഉശിരൻ പോരാട്ടങ്ങളിലൂടെ നേതൃരംഗത്തെത്തിയ നേതാവിനെയും വിദ്യാർഥി, മഹിളാ, പാർടി രംഗത്ത് ദീർഘകാലത്തെ പ്രവർത്തന ചരിത്രമുള്ള അധ്യാപികയെയും ബന്ധുത്വ വിശേഷണത്തിലൂടെ തെറ്റിദ്ധരിപ്പിക്കാനും മാധ്യമങ്ങൾ ശ്രമിച്ചു.
ഇവരെക്കുറിച്ച് സംഘപരിവാർ നടത്തുന്ന അതേ പ്രചാരണ വാചകങ്ങളുമായാണ് പ്രമുഖപത്രം ബുധനാഴ്ച പുറത്തിറങ്ങിയതെന്നും സോഷ്യൽ മീഡിയയിൽ വിമർശമുയർന്നു.