കോഴിക്കോട്
കോവിഡ് പ്രതിരോധത്തിന് തുണയായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് വെന്റിലേറ്റർ നൽകാൻ അധ്യാപക കൂട്ടായ്മ. എട്ടരലക്ഷം രൂപ വിലയുള്ള അത്യാധുനിക ജീവരക്ഷാ ഉപകരണമാണ് കൈമാറുക. ജില്ലയിലെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോൾസെന്റ് കൗൺസലിങ് സെല്ലിലെ അധ്യാപകരാണ് ‘ജീവധാര’ എന്ന പേരിൽ മാതൃകാപ്രവർത്തനത്തിന് നേതൃത്വംനൽകുന്നത്. ഫ്രഞ്ച് നിർമിത വെന്റിലേറ്റർ അടുത്തമാസം കൈമാറും.
കോവിഡ് കാലത്ത് ‘ശ്വാസം മുട്ടരുത് നമ്മുടെ മെഡിക്കൽ കോളേജിന് ’എന്ന ലക്ഷ്യത്തിലാണീ പ്രവർത്തനമെന്ന് ജില്ലാ കോഡിനേറ്റർ ഡോ. പി കെ ഷാജി പറഞ്ഞു. കരിയർ ഗൈഡൻസ് ചുമതലയുള്ളവർക്കൊപ്പം മറ്റുചില അധ്യാപകരും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജില്ലാ ജോ. കോഡിനേറ്റർ പി മാധവാനന്ദ്, കോഡിനേറ്റർമാരായ കബീർ പരപ്പൊയിൽ (താമരശേരി), അൻവർ അടുക്കത്ത് (വടകര)എന്നിവരുടെ നേതൃത്വത്തിലാണ് ജീവധാരയുടെ സ്നേഹകാരുണ്യപ്രവർത്തനം.