കൊച്ചി
സംസ്ഥാന സർക്കാരിനുകീഴിലുള്ള പൊതുമേഖലാ ആയുർവേദ ഔഷധനിർമാണശാലയായ ഔഷധി ലോക്ക്ഡൗൺ കാലത്തും തുറന്നുപ്രവർത്തിക്കുന്നു. അവശ്യസേവനം എന്നനിലയിൽ രോഗപ്രതിരോധത്തിന് സഹായിക്കുന്ന മരുന്നുകൾ സമയബന്ധിതമായി നിർമിച്ച് വിതരണം നടത്താനുള്ള തീവ്രശ്രമത്തിലാണ് തൃശൂർ കുട്ടനെല്ലൂരിലെ ഔഷധി യൂണിറ്റെന്ന് മാനേജിങ് ഡയറക്ടർ കെ വി ഉത്തമൻ പറഞ്ഞു.
രാത്രിയും പകലും മരുന്ന് നിർമിച്ച് സർക്കാർ ആയുർവേദ ആശുപത്രികൾക്കും സംസ്ഥാനത്തെ ആയിരത്തോളം ഔഷധി ഡീലർമാർക്കും ലഭ്യമാക്കുന്നുണ്ട്. തൃശൂരിലെ ഔഷധി പഞ്ചകർമ ആശുപത്രിയും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കൊല്ലം ജില്ലയിലെ പത്തനാപുരം, കണ്ണൂർ ജില്ലയിലെ പരിയാരം എന്നിവിടങ്ങളിലെ ഔഷധി സബ്സെന്ററുകളും തിരുവനന്തപുരം മുട്ടത്തറയിലെ ഔഷധി പ്രൊഡക്ഷൻ യൂണിറ്റും തുറന്നുപ്രവർത്തിക്കുന്നുണ്ട്.