കൊച്ചി
ലോക്ക്ഡൗൺ അവധിദിവസങ്ങളിൽ ബാങ്കുകളിലെ ദിവസക്കൂലിക്കാർക്ക് വേതനം തടയരുതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ആവശ്യപ്പെട്ടു. ദിവസവേതനക്കാർക്ക് ലോക്ക്ഡൗൺ അവധിദിനങ്ങളിലെ വേതനം തടയരുതെന്ന് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുൾപ്പെടെ പല ബാങ്കുകളും ഇതിന് തയ്യാറാകുന്നില്ലെന്ന് പ്രസിഡന്റ് ടി നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ് എസ് അനിൽ എന്നിവർ പറഞ്ഞു.
താഴ്ന്നതസ്തികകളിലാണ് ദിവസവേതനക്കാരിൽ ഭൂരിഭാഗവും ജോലിയെടുക്കുന്നത്. പൊതുവാഹന ഗതാഗതമില്ലാത്തതിനാൽ കൂടുതൽ പണം ചെലവിട്ടാണ് ഭൂരിഭാഗവും ജോലിക്ക് ഹാജരാകുന്നത്. സാഹചര്യം ഇതായിരിക്കെ, ദിവസവേതനക്കാരുടെ കൂലി നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണ്. ഇത്തരം നടപടികളിൽനിന്ന് ബാങ്ക് അധികാരികൾ പിന്മാറണമെന്നും വിഷയത്തിൽ മനുഷ്യാവകാശ കമീഷനും സംസ്ഥാന സർക്കാരും ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
ദിവസക്കൂലിക്കാർക്ക് ലോക്ക്ഡൗൺ അവധിദിന വേതനം നൽകാൻ മെമ്പർ ബാങ്കുകൾക്ക് നിർദേശം നൽകണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും അഭ്യർഥിച്ചു.