കോട്ടയം
മ്യൂക്കോർ മൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) രോഗം സ്ഥിരീകരിച്ച മൂന്നുപേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ഇവരിൽ രണ്ടുപേർ കോവിഡ് മുക്തരും ഒരാൾ കോവിഡില്ലാത്തയാളുമാണ്. ഒരാളെ കൂടുതൽ ചികിത്സയ്ക്കായി ഇഎൻടി വിഭാഗത്തിലേക്ക് മാറ്റി.
പ്രമേഹരോഗികളിൽ കോവിഡ് ബാധിച്ച ശേഷം സുഖപ്പെടുന്നവർക്കാണ് മുഖ്യമായും രോഗം ഉണ്ടാകുന്നത്. മണ്ണിൽനിന്നും ഫംഗസ് മുറിവുകളിലൂടെ മനുഷ്യശരീരത്തിനുള്ളിൽ കടന്നും രോഗംബാധിക്കും. സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകൾ കഴിക്കുന്നതും പ്രതിരോധശേഷി കുറയുന്നതും രോഗം ഉണ്ടാകാൻ കാരണമാകും. തലവേദന, കണ്ണിനു ചുവപ്പ്, മുഖത്തിന് വീക്കം, നെറ്റി, തൊണ്ട വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ശക്തമായ ചുമയും ഉണ്ടാകും. മൂക്കിന്റെ കോശങ്ങളെ ബാധിക്കുന്ന രോഗം ക്രമേണ തലച്ചോറിലേക്കും വ്യാപിക്കുന്നുണ്ട്. ശസ്ത്രക്രിയയിലൂടെയോ മരുന്നിലൂടെയോ രോഗം ഭേദമാക്കാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു.
ബ്ലാക്ക് ഫംഗസ് രോഗം പുതിയതല്ല:
ഡോ. ഷിബു ജോർജ്
ബ്ലാക്ക് ഫംഗസ് രോഗം വളരെ മുമ്പേയുള്ളതാണെന്നും ഇപ്പോൾ കോവിഡിനെ ചേർത്ത് ഭീതി പരത്തേണ്ടതില്ലെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗം മേധാവി ഡോ. ഷിബു ജോർജ് പറഞ്ഞു.
കോവിഡില്ലാത്തവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. പുതിയ രോഗം എന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ ഏഴുമാസത്തിനിടെ ആറ് രോഗികൾ ഇവിടെ ചികിത്സതേടി. കോവിഡില്ലാത്തവരും അതിലുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് ബാധിക്കുന്നത്. കോവിഡ് തീവ്രമായവർ കഴിച്ച മരുന്നിൽനിന്നോ സ്റ്റിറോയ്ഡ്മരുന്നുകളുടെ ഉപയോഗത്താലോ രോഗംവരാം. പ്രമേഹം ഗുരുതരമായവരിലും ഹൃദയം, വൃക്ക തുടങ്ങിയവ മാറ്റിവച്ചവരിലും രക്താർബുദം ഉള്ളവരിലോ ചില മരുന്നുകളുടെ ഉപയോഗം രോഗത്തിന് കാരണമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യക്തിശുചിത്വം പാലിക്കുന്നതിൽ മലയാളികൾ മുന്നിലായതിനാൽ രോഗഭീതി അനാവശ്യമാണ്. രോഗപ്രതിരോധശേഷിയുള്ളവരിൽ രോഗം ബാധിക്കില്ലെന്നും ഡോ. ഷിബു ജോർജ് പറഞ്ഞു.