ടോക്യോ
ഒളിമ്പിക്സ് ദീപം തെളിയാതെ അണയുമോ? ജപ്പാനിലെ ടോക്യോയിൽ ജൂലൈ 23 മുതൽ ആഗസ്ത് എട്ടുവരെ നടക്കേണ്ട ഒളിമ്പിക്സിനുമേലുള്ള അനശ്ചിതത്വത്തിന്റെ കാർമേഘം ഒഴിയുന്നില്ല. കോവിഡ് പടരുന്നതിനാൽ ജനങ്ങൾ എതിരാണ്. ഒടുവിൽ ജപ്പാനിലെ ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി.
ആറായിരം ഡോക്ടർമാരുള്ള സംഘടനയുടെ മുന്നറിയിപ്പുകൾ എളുപ്പം അവഗണിക്കാനാകില്ല. ഒളിമ്പിക്സ് നടന്നാൽ കോവിഡ് പടരുമെന്നും മരണസംഖ്യ ഉയരുമെന്നുമാണ് മുന്നറിയിപ്പ്. അതിനാൽ ഒളിമ്പിക്സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഘടന പ്രധാനമന്ത്രിക്കും സംഘാടകർക്കും കത്ത് നൽകി.
ജപ്പാനിൽ ഇപ്പോൾ കോവിഡിന്റെ നാലാംതരംഗമാണ്. ടോക്യോ അടക്കമുള്ള നഗരങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഒളിമ്പിക്സ് നടത്തരുതെന്ന് മൂന്നരലക്ഷംപേർ ഒപ്പിട്ട കത്ത് നൽകിയിട്ടുണ്ട്.
എന്നാൽ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയും ടോക്യോയിലെ സംഘാടകരും ശുഭാപ്തിവിശ്വാസത്തിലാണ്. മഹാമാരിയുടെ കാലത്തും സുരക്ഷിതമായ ഒളിമ്പിക്സാണ് വാഗ്ദാനം. ആവശ്യമായ ആരോഗ്യപ്രവർത്തകരെ എത്തിക്കാമെന്നാണ് ഒളിമ്പിക്സ് കമ്മിറ്റിയുടെ വാഗ്ദാനം.
ഇനി ഒളിമ്പിക്സ് മാറ്റൽ പ്രായോഗികമല്ലെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ഇപ്പോൾ ഇല്ലെങ്കിൽ ഇക്കുറിയില്ല. കഴിഞ്ഞവർഷം നടക്കേണ്ട ഒളിമ്പിക്സ് കോവിഡിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. റദ്ദാക്കിയാൽ ഭീമമായ സാമ്പത്തിക നഷ്ടമാണ് ജപ്പാനെ കാത്തിരിക്കുന്നത്. നിശ്ചയിച്ച തീയതിപ്രകാരം ഇനി 63 ദിവസമാണ് ബാക്കി.