ലണ്ടൻ
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ യോഗ്യതയ്ക്കുവേണ്ടിയുള്ള ഇംഗ്ലീഷ് ക്ലബ്ബുകളുടെ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ലെസ്റ്റർ സിറ്റിയെ 2–-1ന് തോൽപ്പിച്ച് ചെൽസി ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക് കയറി. ഒരുകളി ശേഷിക്കെ ചെൽസിക്ക് 67ഉം ലെസ്റ്ററിന് 66ഉം പോയിന്റാണുള്ളത്. ഒരുമത്സരം കുറവുള്ള ലിവർപൂൾ 63 പോയിന്റുമായി അഞ്ചാമതുണ്ട്. ആദ്യ നാല് സ്ഥാനക്കാർക്കാണ് യോഗ്യത.
ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും യോഗ്യത ഉറപ്പാക്കി. ശേഷിച്ച രണ്ട് സ്ഥാനങ്ങൾക്കുവേണ്ടിയാണ് മത്സരം. അതേസമയം, സിറ്റി ബ്രൈറ്റണോട് തോറ്റു (2–-3). യുണൈറ്റഡിനെ ഫുൾഹാം കുരുക്കി (1–-1). ലീഡ്സ് യുണൈറ്റഡ് രണ്ട് ഗോളിന് സതാംപ്ടണെ തോൽപ്പിച്ചു.
എഫ്എ കപ്പ് ഫൈനലിലെ തോൽവിക്കുള്ള മറുപടിയായിരുന്നു ലെസ്റ്ററിനെതിരെ ചെൽസിയുടെ ജയം. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ രണ്ടാംപകുതിയിലായിരുന്നു തോമസ് ടുഷെലിന്റെ സംഘത്തിന്റെ ആദ്യഗോൾ വന്നത്. പ്രതിരോധക്കാരൻ അന്റോണിയോ റൂഡിഗർ ചെൽസിയെ മുന്നിലെത്തിച്ചു. പിന്നാലെ ജോർജീന്യോയുടെ പെനൽറ്റി ചെൽസിയുടെ ജയം ഉറപ്പാക്കി. അവസാനഘട്ടത്തിൽ കെലേച്ചി ഇഹിയാനാച്ചോയിലൂടെ ലെസ്റ്റർ ഒരെണ്ണം മടക്കിയെങ്കിലും ലെസ്റ്ററിന് പോയിന്റ് നേടാനായില്ല.
അവസാനമത്സരത്തിൽ ആസ്റ്റൺ വില്ലയാണ് ചെൽസിയുടെ എതിരാളികൾ. തുടർന്ന് 29ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ഏറ്റുമുട്ടും.
ലെസ്റ്ററിന് അവസാനകളിയിൽ ടോട്ടനം ഹോട്സ്പർ ആണ് എതിരാളികൾ. സിറ്റി രണ്ട് ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ബ്രൈറ്റണോട് തോറ്റത്. പ്രതിരോധക്കാരൻ ജോയോ കാൻസെലോ ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു.
ആദ്യപകുതിയിൽ ഇകായ് ഗുൺഡോവന്റെ ഗോളിൽ മുന്നിലെത്തിയ സിറ്റി ഇടവേളയ്ക്കുശേഷം ഫിൽ ഫോദനിലൂടെ ലീഡുയർത്തി. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ ബ്രൈറ്റൺ തിരിച്ചടിച്ചു. ലിയാൻഡ്രോ ട്രൊസാർഡ്, ആദം വെബ്സ്റ്റെർ, ഡാൻ ബേൺ എന്നിവർ ചേർന്ന് സിറ്റിയെ തകർത്തു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ നേരിടാനൊരുങ്ങുന്ന സിറ്റിക്ക് ഈ തോൽവി ക്ഷീണം ചെയ്യും. പരിശീലകൻ പെപ് ഗ്വാർഡിയോള കളിക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
യുണൈറ്റഡിനെ അവസാനനിമിഷം ഫുൾഹാം പിടിച്ചുകെട്ടി. കളി തീരാൻ 14 മിനിറ്റ് ശേഷിക്കെ ജോ ബ്രയാനാണ് അവരുടെ സമനിലഗോൾ നേടിയത്. എഡിൻസൺ കവാനിയാണ് യുണൈറ്റഡിനെ ആദ്യഘട്ടത്തിൽ മുന്നിലെത്തിച്ചത്.പാട്രിക് ബാംഫോർഡ്, ടൈലർ റോബർട്സ് എന്നിവരുടെ ഗോളിൽ ലീഡ്സ് സതാംപ്ടണെ കീഴടക്കി. എട്ടാമതാണ് ലീഡ്സ്.