തിരുവനന്തപുരം
ബാലസംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വാക്സിൻ ചലഞ്ചിന്റെ ഭാഗമായി 21,65,130 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. പ്രളയകാലത്തും കോവിഡ് ഒന്നാംതരംഗകാലത്തും സമ്പാദ്യക്കുടുക്കകൾ പൊട്ടിച്ച് ബാലസംഘം കൂട്ടുകാർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ നൽകിയ സംഭാവന.
സമ്പാദ്യക്കുടുക്കയിലെ നീക്കിയിരിപ്പ്, വിഷുക്കൈനീട്ടം, പെരുന്നാൾ സക്കാത്ത്, സ്കോളർഷിപ്പുകൾ, -വിവിധ മത്സര പരീക്ഷകളിലൂടെ നേടിയ ക്യാഷ് അവാർഡ് തുകകൾ, ആഭരണങ്ങൾ ഊരി നൽകിയും പാഴ്വസ്തുക്കൾ ശേഖരിച്ച് വിറ്റും കുഞ്ഞുപീടികകൾ കെട്ടി മിഠായികൾ വിറ്റും പച്ചക്കറി കൃഷി ചെയ്ത് വിൽപ്പന നടത്തിയും മത്സ്യം, വളർത്തുമൃഗങ്ങൾ എന്നിവ വിറ്റുമെല്ലാമാണ് കുട്ടികൾ ഇത്രയും തുക സമാഹരിച്ചത്. ക്യാമ്പയിന്റെ ഭാഗമായ എല്ലാ കൊച്ചു കൂട്ടുകാർക്കും സ്നേഹാഭിവാദ്യങ്ങൾ നേരുന്നതായി ബാലസംഘം സംസ്ഥാന പ്രസിഡന്റ് എസ് ആര്യ രാജേന്ദ്രനും സെക്രട്ടറി സരോദ് ചങ്ങാടത്തും അറിയിച്ചു.