1999 ലെ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കക്ക് എതിരെ രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും നേടിയ വലിയ സെഞ്ചുറികൾ അവിശ്വസനീയമായ രീതിയിൽ തന്നെ സ്വാധീനിച്ചെന്ന് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ.
ശ്രീലങ്കക്ക് എതിരെ ലോകകപ്പ് മത്സരത്തിൽ ഗാംഗുലിയും ദ്രാവിഡും ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയത് 318 റൺസിന്റെ ഭീമൻ കൂട്ടുകെട്ടാണ്. ഇരുവരും ചേർന്ന് ഇന്ത്യയെ എളുപ്പത്തിൽ വിജയത്തിൽ എത്തിക്കുകയും ചെയ്തു,
ടി20 ക്രിക്കറ്റ് പിറവിയെടുക്കുന്നതിന് മുന്നേ ഗാംഗുലിയും ദ്രാവിഡും ചേർന്ന് ഇംഗ്ലണ്ടിലെ ടൗൺടോണിൽ സിക്സറുകളുടെയും ഫോറുകളുടെയും പെരുമഴ പെയ്യിക്കുകയായിരുന്നു, ഇന്ന് ബട്ട്ലർ ഉൾപ്പടെയുള്ള താരങ്ങൾ സ്ഥിരമായി ചെയ്യുന്നതാണെങ്കിലും അന്ന് ഇത് വളരെ വിരളമായി മാത്രം കണ്ടിരുന്ന കാഴ്ചയായിരുന്നു.
“അത് എന്റെ തുടക്ക കാലമായിരുന്നു, രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും ചേർന്ന് കൂറ്റൻ സെഞ്ചുറികൾ നേടുന്നത് കണ്ടത് എന്നിൽ അവിശ്വസനീയമായ സ്വാധീനം ഉണ്ടാക്കി” ബട്ട്ലർ ക്രിക്ക്ബസിനോട് പറഞ്ഞു.
Read Also: ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ വധഭീഷണി നേരിട്ടു; ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞു: ഡു പ്ലെസിസ്
ഇംഗ്ലണ്ടിലെ ഒരു മത്സരത്തിന് ഇന്ത്യക്ക് ലഭിക്കുന്ന ഗ്രൗണ്ട് സപ്പോർട്ടും ബട്ട്ലറെ അതിശയിപ്പിച്ചു. “1999 ലോകകപ്പിൽ ഇന്ത്യ ശ്രീലങ്ക മത്സരം കാണുന്നത് ഇന്ത്യൻ ആരാധകക്കൂട്ടത്തെ കാണുന്ന ആദ്യ അനുഭവമായിരുന്നു. ആളുകൾ ക്രിക്കറ്റിനെക്കുറിച്ച് എത്രമാത്രം വികാരാധീനരാണെന്ന തിരിച്ചറിവും ഒരു ലോകകപ്പിൽ കളിക്കുന്നത് എത്ര രസകരമായിരിക്കും എന്ന തോന്നലും ഉണ്ടായത് അന്നാണ്.” ബട്ട്ലർ പറഞ്ഞു.
ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി കളിക്കുന്ന ബട്ട്ലർ കോവിഡ് മൂലം നിർത്തിവെച്ച ഈ സീസണിൽ നല്ല ഫോമിലായിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരെ 64 പന്തിൽ നിന്നും 124 റൺസ് ഈ സീസണിൽ ബട്ട്ലർ സ്വന്തമാക്കിയിരിന്നു.
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി കണക്കാക്കുന്ന ബട്ട്ലർ, 2019 ലെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇംഗ്ലണ്ടിന്റെ പ്രതീക്ഷയാണ് ജോസ് ബട്ട്ലർ..
The post ദ്രാവിഡിന്റെയും ഗാംഗുലിയുടെയും ആ ഇന്നിങ്‌സ് ഒരുപാട് സ്വാധീനിച്ചു: ജോസ് ബട്ട്ലർ appeared first on Indian Express Malayalam.