കണ്ണൂർ/തിരുവനന്തപുരം> അതുല്യനായ കമ്യൂണിസ്റ്റ് പോരാളിയും കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയും മലയാളികളുടെ പ്രിയനേതാവുമായിരുന്ന ഇ കെ നായനാർക്ക് നാടിന്റെ സ്മരണാഞ്ജലി. കോവിഡ് പരിമിതികൾക്കിടയിലും, കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതി രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുന്ന പശ്ചാത്തലം നായനാരുടെ ഓർമകളെ ഇക്കുറി കൂടുതൽ ധന്യമാക്കി.
നായനാർ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ വിജയരാഘവൻ പതാക ഉയർത്തി. 2004 മെയ് 19നാണ് നായനാർ വിടപറഞ്ഞത്.പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി. ബർണശേരിയിലെ നായനാർ അക്കാദമിയിൽ എം വി ജയരാജൻ പതാക ഉയർത്തി. നായനാർ പ്രതിമയിൽ പുഷ്പാർച്ചനയുമുണ്ടായി.
അനുസ്മരണ യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശൻ അധ്യക്ഷനായി. സെക്രട്ടറിയറ്റ് അംഗം എ ചന്ദൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അരക്കൻ ബാലൻ, എം ഷാജർ, കണ്ണൂർ ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, പാപ്പിനിശേരി ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, നായനാരുടെ മകൻ കെ പി കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.