ന്യൂഡൽഹി
രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം കുറയുമ്പോഴും മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ മരണം 4329. ഇതുവരെയുള്ളതില്വച്ച് ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ.
മഹാരാഷ്ട്രയിൽമാത്രം ആയിരം മരണം. ആകെ മരണം 2.80 ലക്ഷം. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 263533 പേർക്ക്. രോഗമുക്തര്‍ നാലു ലക്ഷം. ചികിത്സയില് 6.04 ലക്ഷം പേർ.
പ്രതിദിന മരണത്തില് രണ്ടാമത് കർണാടക–- 476. ഡൽഹി–- 340, തമിഴ്നാട്–- 335, യുപി–- 271, ഉത്തരാഖണ്ഡ്–- 223, പഞ്ചാബ്–- 191, രാജസ്ഥാൻ–- 157, ഛത്തീസ്ഗഢ്–- 149, ബംഗാൾ–- 147മരണം. കൂടുതൽ പ്രതിദിന രോഗികളും കർണാടകയില്–- 38603. തമിഴ്നാട്–- 33075, മഹാരാഷ്ട്ര–- 26616, ബംഗാൾ–- 19003, ആന്ധ്ര–- 18561, രാജസ്ഥാൻ–- 11597 രോഗികള്‍.
രണ്ടാംതരംഗം അപഹരിച്ചത് 270 ഡോക്ടർമാരെ
കോവിഡ് രണ്ടാംതരംഗത്തിൽ രാജ്യത്ത് 270 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ബിഹാര്(78), ഉത്തർപ്രദേശ് (37), ഡൽഹി(29), ആന്ധ്ര(22) എന്നിങ്ങനെയാണ് ഡോക്ടർമാർ മരിച്ചത്. ആദ്യതരംഗത്തിൽ 748 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടു. കോവിഡ് രണ്ടാംതരംഗം ആരോഗ്യപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. ജെ എ ജയലാൽ പറഞ്ഞു. ഡോക്ടർമാർ വാക്സിൻ സ്വീകരിച്ചശേഷമാണ് രണ്ടാംതരംഗം തുടങ്ങിയത്.
യുപിയിൽ 1600 അധ്യാപകർ
കോവിഡിന് ഇരയായി
ഉത്തർപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത 1621 അധ്യാപകരും ജീവനക്കാരും കോവിഡിന് ഇരയായി. ഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യുപി പ്രൈമറി ടീച്ചേർസ് അസോസിയേഷൻ കത്തുനൽകി. കോവിഡ് ബാധിച്ചു മരിച്ച അധ്യാപകരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും ജോലിയുമടക്കം എട്ടിന ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത്. ഏപ്രിൽ 28 വരെ 706 അധ്യാപകർ കോവിഡിന് ഇരയായെന്ന് സംസ്ഥാനത്തെ അധ്യാപക യൂണിയനുകൾ മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു.