കഥാപ്രസംഗകലയുടെ അതുല്യപ്രതിഭ വി സാംബശിവൻ അന്തരിച്ചിട്ട് കാൽനൂറ്റാണ്ടായ വേളയിൽ അദ്ദേഹത്തെ ഓർത്തെടുക്കുകയാണ് കാട്ടാക്കട എംഎൽഎ ഐ ബി സതീഷ്.
ഐ ബി സതീഷ്
വി സാംബശിവൻ..കഥാപ്രസംഗമെന്ന ജനകീയകലയുടെ മർമമറിഞ്ഞ കാഥികൻ. അയത്നലളിതമായ ഭാഷയിൽ ലോകസാഹിത്യത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ നമ്മുടെ അയൽപക്കവീട്ടിലെ പെൺകുട്ടിയും കൂട്ടുകാരുമൊക്കെ ആക്കിത്തന്ന പ്രിയകലാകാരൻ. കലാകേരളത്തിന്റെ തിരശീലകൾക്കു മുന്നിൽ മാത്രമല്ല , ഇന്നലെകളുടെ ചരിത്രം കൂടി മിടിക്കുന്നുണ്ട് വി സാംബശിവനെന്ന പേരിനൊപ്പം. ആ പേര് തലമുറകളിൽ നിന്നും തലമുറകളിലേക്ക് സഞ്ചരിക്കുന്നു.
ഉൽസവപ്പറമ്പുകളിലും പെരുനാളിനും ക്ലബു വാർഷികത്തിനും പാർടി സമ്മേളനങ്ങളിലുമെല്ലാം പതിനായിരങ്ങൾ തലയാട്ടി നിന്നു കേട്ടാസ്വദിച്ച കഥകൾ. അവർ അതിൽ സ്വന്തം ജീവിതം കണ്ടെത്തിയിരുന്നു. അരനൂറ്റാണ്ടിനിടയിൽ 60 ഓളം കഥകള്, 15000 ത്തിലധികം വേദികള്. വിശ്വസാഹിത്യത്തിലെ സുപ്രധാന കഥകള് സാധാരണ ഗ്രാമീണജനങ്ങള്ക്ക് എളുപ്പം ഗ്രഹിക്കാവുന്ന മട്ടില് പാകപ്പെടുത്തി നല്കിയെന്നതു മാത്രമല്ല, സമകാലിക ഇന്ത്യന് സമൂഹത്തിലെ യാഥാര്ഥ്യങ്ങള് കഥകള്ക്കിടയിലൂടെ അദ്ദേഹം പകര്ന്നുനല്കി.
ഷേക്സ്പിയറുടെ ഒഥല്ലോ കേരളത്തിലെ ജനങ്ങള് പഠിച്ചത് സാംബശിവനിലൂടെയാണ്. ബിമല് മിത്രയുടെ വിലയ്ക്കുവാങ്ങാം, ഇരുപതാം നൂറ്റാണ്ട് എന്നീ കഥകള് പറയുമ്പോള് ഇന്ത്യന് ഭരണവര്ഗത്തിന്റെ കാപട്യത്തിനും മര്ദ്ദനത്തിനും ചൂഷണത്തിനുമെതിരെ അദ്ദേഹം കത്തിജ്വലിച്ചു. ഇരുപതാം നൂറ്റാണ്ട് എന്ന കഥ പറഞ്ഞതിന്റെ പേരില് അടിയന്തരാവസ്ഥയില് അദ്ദേഹത്തെ ജയിലിലടച്ചു. ടോള്സ്റ്റോയിയുടെ ‘അനീസ്യ’യും ‘അന്നാ കരേനിന’യും, ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും, കരമസോവ് സഹോദരന്മാര്, പേള് എസ് ബക്കിന്റെ ‘നല്ല ഭൂമി’, വാന്ഡ വാസില്യൂവ്സകയുടെ ‘റെയിന്ബോ’ എന്നീ വിശ്വസാഹിത്യകൃതികള് സാംബശിവനിലൂടെ മലയാളികള് കേട്ടു.
മഹാകവി ജിയുടെ ചന്ദനക്കട്ടില്, വയലാറിന്റെ ആയിഷ എന്നീ കാവ്യങ്ങള് കാവ്യസൌന്ദര്യം ഒട്ടും ചോരാതെ കഥകളാക്കി അദ്ദേഹം മലയാളികള്ക്ക് സമ്മാനിച്ചു. ശ്വാസം പിടിച്ചു കേട്ടുനിന്ന ജനക്കൂട്ടം പട്ടിണിയും പരിവട്ടവും ദാരിദ്ര്യവുമെല്ലാം മറന്നു. ചതിയുടെയും വഞ്ചനയുടെയും മോഹഭംഗങ്ങളുടെയുമെല്ലാം കനികൾ രുചിച്ച് മലയാളം മതിമറന്നു നിന്നു. പ്രത്യേക ഭാവഹാവാദികളോടെയുള്ള അവതരണം കൊണ്ട് പ്രണയവും കാത്തിരിപ്പും വിരഹവുമെല്ലാം അമ്പലപ്പറമ്പുകളെ സമ്പന്നമാക്കിയ രാവറുതികൾ. രാഷ്ട്രീയവും സാംസ്കാരികവും സാമൂഹ്യവിമർശനവുമെല്ലാം കെട്ടുപിണഞ്ഞ കഥകളിൽ നിന്നുയർന്ന ചൂണ്ടുവിരലുകൾ ഭരണാധികാരികളെ വിറളി പിടിപ്പിച്ചു. സാംബനെ തളയ്ക്കാം പക്ഷേ സാംബന്റെ കലയെ തളയ്ക്കാനാകുമോ എന്ന ചോദ്യം ഉയർന്നു.
അദ്ദേഹം വേർപിരിഞ്ഞ് കാൽനൂണ്ടാണ്ടു കഴിഞ്ഞിട്ടും ആ നാദവിസ്മയം തേടിപ്പിടിച്ച് ആസ്വദിക്കുന്നവരുടെ എണ്ണം കൂടുകയാണ്. യൂടൂബിൽ ഈ കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേർ സാംബശിവന്റെ കഥാപ്രസംഗം തെരഞ്ഞെത്തി. ഞാൻ വിദ്യാർഥിയായിരുന്ന കാലത്ത് കൂട്ടുകാരിൽ നിന്നും സംഘടിപ്പിച്ച സാംബശിവന്റെ കഥാപ്രസംഗത്തിന്റെ ടേപ്പുകൾ കൊണ്ടു വന്നാണ് കേട്ടിരുന്നത്. സിരകളിൽ അഗ്നിപടർത്തിയ ആ കാലം ഇന്നും ഓർമയിലുണ്ട്. വ്യക്തിപരമായി അടുപ്പം സ്ഥാപിക്കാനായില്ലെങ്കിലും പുരോഗമന കേരളത്തിന്റെ ബിംബങ്ങളിൽ മനസിൽ ആ പേര് ജ്വലിച്ചുനിന്നു.
പഠിക്കാനുള്ള പണം കണ്ടെത്താനായി സ്വന്തം നാടായ ചവറ ഗുഹാനന്ദപുരത്ത് തുടങ്ങിയ കഥപറച്ചില് ലോകമെമ്പാടും പരന്നു. 48 വര്ഷമാണ് അദ്ദേഹം കഥ പറഞ്ഞത്. ഇന്ത്യന് സാഹിത്യത്തിലെയും ലോക സാഹിത്യത്തിലെ ഉജ്വല കൃതികള് കഥയും പാട്ടുമായി പറഞ്ഞുകേൾപ്പിച്ചു. കേരള ജനതയെ പുരോഗമന രാഷ്ട്രീയത്തിനൊപ്പം നിര്ത്തുന്നതില് ആ വേദികള് വലിയ പങ്കുവഹിച്ചു.
ജനങ്ങൾ മനസ്സോടെ നിശബ്ദരായി രണ്ടര മണിക്കൂര് നീളുന്ന കഥ കേട്ടിരിക്കുന്നത് പഴയ തലമുറയിലെ ആളുകള് ഇപ്പോഴും ഓര്ക്കുന്നുണ്ടാകും. ചൂട്ടുകത്തിച്ച് കിലോമീറ്ററുകള് നടന്നും സാംബശിവന്റെ കഥ കേള്ക്കാന് പോയവരാണ് അവർ.വിദ്യാര്ഥി ഫെഡറേഷന്റെ ആദ്യ പ്രസിഡന്റായിരുന്ന സാംബശിവന് അമ്പതുകളുടെ തുടക്കത്തില് തന്നെ കമ്യൂണിസ്റ്റ് പാര്ടി അംഗമായി. മരിക്കും വരെ കമ്യൂണിസ്റ്റായിരുന്നു. കഥാപ്രസംഗകലയിലൂടെ ജനങ്ങളെ രാഷ്ട്രീയ, സാമൂഹ്യ ബോധത്തിലേക്കുയര്ത്തിയ ഏറ്റവും വലിയ കാഥികന് കാലമെത്ര കഴിഞ്ഞാലും ജനമനസിൽ ഇടമുണ്ടാകും.