‘ഞാൻ മത്രമല്ലല്ലോ, ഞങ്ങൾ കഴിഞ്ഞ തവണ ഉണ്ടായിരുന്നവർ ആരും തുടരുന്നില്ലല്ലോ, പിന്നെ കൊവിഡ് പ്രതിരോധ പ്രവർത്തനം ശൈലജ ടീച്ചർ ഒറ്റയ്ക്ക് നടത്തിയതല്ലല്ലോ, ഗവൺമെന്‍റിന്‍റെ പൊതുവായിട്ടുള്ള പ്രവർത്തനമല്ലേ, ടീം വർക്കല്ലേ’ ശൈലജ ടീച്ചർ പറഞ്ഞു. തനിക്ക് പൂർണ്ണ സംതൃപ്തിയാണ്. പാർട്ടി എന്നെ ഒരിക്കൽ മന്ത്രിയാക്കി. അത് കഴിയാവുന്നത്ര ഭംഗിയായി നിർവഹിക്കാൻ ഞാൻ ശ്രമിച്ചു. അതിൽ സംതൃപ്തിയുണ്ടെന്നും ശൈലജ പറഞ്ഞു.
Also Read :
താൻ മാത്രമല്ലല്ലോ മികച്ച പ്രകടനം നടത്തിയത്, ഈ മന്ത്രിസഭയാകെ മികച്ച പ്രകടനമാണ് നടത്തിയത്. എന്നെപ്പോലെ തന്നെ എല്ലാ മന്ത്രിമാരും നന്നായി പ്രവർത്തിച്ചരാണ്. മഹാമാരിക്കെതിരായ പ്രവർത്തനം ആരോഗ്യമന്ത്രി ഒറ്റക്കല്ല നയിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും ഒരുമിച്ച് ചേർന്നാണ് നയിച്ചത്. അതിൽ തന്‍റെ പങ്ക് താൻ നിർവഹിച്ചിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.
പുതിയ തലമുറയ്ക്ക് അവസരം കിട്ടുമ്പോൾ അവർ നല്ല രീതിയിൽ പ്രവർത്തിക്കുമെന്നാണ് താൻ കരുതുന്നതെന്നും അവർ പറഞ്ഞു. തന്നെ സ്നേഹിക്കുന്നവരോട് ശൈലജ ടീച്ചർ നന്ദി പറയുകയും ചെയ്തു. ഇത്തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചർ നിയമസഭയിൽ എത്തിയിരുന്നത്. ഒന്നാം പിണറായി സർക്കാരിലെ സിപിഎം മന്ത്രിമാർക്ക് ആർക്കും അവസരം നൽകേണ്ടെന്ന തീരുമാനമാണ് പാർട്ടി സ്വീകരിച്ചത്.
അതേസമയം മന്ത്രിസഭയില്‍നിന്ന് കെ കെ ശൈലജയെ ഒഴിവാക്കിയതില്‍ സിപിഎം ദേശീയ നേതാക്കള്‍ക്ക് അതൃപ്തി പ്രകടിപ്പിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആരോഗ്യ രംഗത്തെ ഇടപെടലും മികച്ച പ്രതിഛായയുമുള്ള കെ കെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി മുന്നോട്ടുപോകാനാകില്ലെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.
മന്ത്രിസഭയിൽ എല്ലാം പുതുമുഖങ്ങൾ എന്ന തീരുമാനത്തിൽ പാര്‍ട്ടി ഉറച്ച് നിന്നപ്പോൾ കെ.കെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. പിണറായി വിജയന് പുറമെ, എം.വി.ഗോവിന്ദൻ, കെ രാധാക്യഷ്ണൻ, വി ശിവൻ കുട്ടി, കെ എൻ ബാലഗോപാൽ, വീണ ജോർജ് , സജി ചെറിയാൻ, വി എൻ വാസവൻ, പി രാജീവ് , ആർ ബിന്ദു , മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവരാണ് മന്ത്രിമാർ. എം ബി രാജേഷാണ് സ്പീക്കർ.