മുംബൈ> ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ ഹൈയിലെ ഒഎന്ജിസി ബാര്ജുകള് മുങ്ങി. മൂന്നു ബാര്ജുകളിലായി നാനൂറിലേറെപ്പേരുണ്ടായിരുന്നു. 127 പേരെ കാണാതായി. അപകടത്തിൽനിന്ന് 146 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു.
പര്യവേഷണ, നിര്മാണ ആവശ്യങ്ങള്ക്കുള്ള ബാര്ജുകളാണ് ഒഴുക്കില്പെട്ടത്. ബാര്ജ് പി 305ല് നിന്ന് രാവിലെ ആറുമണിവരെ 146 പേരെ രക്ഷിച്ചതായി നാവികസേന. ഐഎന്എസ് കൊച്ചി, കൊല്ക്കത്ത കപ്പലുകള് രക്ഷാപ്രവര്ത്തനം തുടരുകയാണ്. സാഗര്ഭൂഷണ് റിഗില് 101 പേരാണ് ഉള്ളത്. ബാര്ജ് എസ്എസ്–3ല് 196 പേര്.
അതേസമയം, ടൗട്ടെ ചുഴലിക്കാറ്റില് ഗുജറാത്തില് നാലുപേരും മഹാരാഷ്ട്രയിൽ ആറ്പേരും മരിച്ചു. രാജ്കോട്ട്, ഭവനഗര് പ്രദേശങ്ങളില് വന്നാശമുണ്ടായി. മണിക്കൂറിൽ 165–175 കിലോമീറ്റർ വേഗതയിലാണ് കരയിൽ പ്രവേശിച്ചത്. മരങ്ങൾ കടപുഴകി. നിരവധി വീടുകൾ തകർന്നു. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് വിമാനത്താവളങ്ങൾ അടച്ചു.
ചൊവ്വാഴ്ച രാവിലെവരെ കടൽ പ്രക്ഷുബ്ധമായി തുടരും. തീരമേഖലയിലെ 17 ജില്ലയിൽനിന്ന് ഒരു ലക്ഷത്തിലേറെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത് ദുരന്ത നിവാരണ സേനയുടെ 41 കേന്ദ്ര ടീമുകളും 10 സംസ്ഥാന ടീമുകളും രംഗത്തുണ്ട്. കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാൻ മുൻകരുതലെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിനു പുറമെ കർണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ദാമൻ ദിയുവിലും കനത്ത നാശനഷ്ടം വിതച്ചാണ് ടൗട്ടെ ഗുജറാത്ത് തീരത്തെത്തിയത്. പോർബന്തറിനും ഭാവ്നഗറിലെ മഹുവയ്ക്കും ഇടയിൽ തിങ്കളാഴ്ച രാത്രി എട്ടിനും 11നും ഇടയിൽ കാറ്റ് കരപതിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചത്.
മഹാരാഷ്ട്രയിൽ റായ്ഗഡ് ജില്ലയിൽ മൂന്നുപേരും സിന്ധുദുർഗ് ജില്ലയിൽ രണ്ടുപേരും മരിച്ചു. നവി മുംബൈയിൽ മരം വീണുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. മുംബൈയിൽ വ്യോമ–-റെയിൽ ഗതാഗതം നിർത്തിവച്ചു. മുംബൈ വിമാനത്താവളത്തിൽ 22 സർവീസ് റദ്ദാക്കി. ചുഴലിക്കാറ്റിനെ തുടർന്ന് കർണാടകയിലുണ്ടായ മരണം എട്ടായി.