തിരുവനന്തപുരം
കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്തെ നാലുജില്ലയിൽ പ്രഖ്യാപിച്ച മുപ്പൂട്ടിന് ജനങ്ങളുടെ മികച്ച പിന്തുണ. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച അർധരാത്രി മുതൽ മുപ്പൂട്ട് ഏർപ്പെടുത്തിയത്. മറ്റു ജില്ലകളിൽ നിലവിലെ നിയന്ത്രണം തുടരുകയാണ്. ചുരുക്കം ചിലർക്ക് അസൗകര്യമുണ്ടെങ്കിലും ജനങ്ങൾ പൊതുവെ മുപ്പൂട്ടുമായി സഹകരിക്കുന്നുണ്ട്. കോവിഡിനെതിരെ പോരാടാനുള്ള നിശ്ചയദാർഢ്യമാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുപ്പൂട്ടുള്ള ജില്ലകളിൽ അതിർത്തികളടച്ചു. അവശ്യവിഭാഗക്കാരെ മാത്രമേ കടത്തിവിട്ടുള്ളൂ. നഗരാതിർത്തികളടച്ച് കർശന നിയന്ത്രണം ഉറപ്പുവരുത്തി. ഇടറോഡുകളടച്ച് വരാനും പോകാനും ഓരോ വഴികൾ മാത്രം തുറന്നു. ബാങ്കുകളും പലചരക്ക്, ഭക്ഷ്യവസ്തുക്കൾ, പച്ചക്കറി, മാംസം, മത്സ്യം വിൽക്കുന്ന കടകളും ബേക്കറികളും ചൊവ്വാഴ്ച ഉച്ചവരെ പ്രവർത്തിക്കാം. ആളുകൾ വീടിനു സമീപത്തെ കടകളിൽനിന്ന് സാധനം വാങ്ങണം. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമായിരുന്നു. തലസ്ഥാനത്ത് നഗരാതിർത്തിയിലെ 20 സ്ഥലം പൂർണമായി അടച്ചിട്ടു.
നിയന്ത്രണം ലംഘിച്ചതിന് 1928 കേസെടുത്തു. 972പേർ അറസ്റ്റിലായി. 764 വാഹനം പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 6,742ഉം സമ്പർക്ക വിലക്ക് ലംഘിച്ചതിന് 95 പേർക്കെതിരെയും കേസെടുത്തു.