തിരുവനന്തപുരം
കോവിഡ് വ്യാപനം അതിരൂക്ഷമായ നാലു ജില്ലയിൽ മുപ്പൂട്ട് തുടങ്ങി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച അർധ രാത്രി മുതൽ മുപ്പൂട്ട് ആരംഭിച്ചത്. മറ്റു ജില്ലകളിൽ നിലവിലെ ലോക്ക്ഡൗൺ തുടരും. 23 വരെയാണ് നിയന്ത്രണം. മുപ്പൂട്ട് പ്രഖ്യാപിച്ച ജില്ലകളിൽ സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളും ഇളവുകളും വിശദമാക്കി കലക്ടർമാർ ഉത്തരവിറക്കി.
മുപ്പൂട്ടുള്ള ജില്ലകളിൽ അതിർത്തി അടച്ചു. തിരിച്ചറിയൽ കാർഡുള്ള അവശ്യവിഭാഗക്കാർക്കു മാത്രമാണ് യാത്രാനുമതി. ഒരു റോഡൊഴികെ കണ്ടെയ്ൻമെന്റ് സോൺ മുഴുവനായി അടയ്ക്കും. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടുക, മാസ്ക് ധരിക്കാതിരിക്കുക, മാനദണ്ഡം ലംഘിക്കുക എന്നിവയ്ക്ക് കടുത്ത നടപടി സ്വീകരിക്കും. 10,000 പൊലീസുകാരെ നിയോഗിച്ചു. ആവശ്യമുള്ളവർക്ക് വാർഡ് സമിതി ഭക്ഷണമെത്തിക്കും.