കൊച്ചി
രാജ്യത്ത് ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാകേന്ദ്രം അമ്പലമുകളിൽ പ്രവർത്തനം തുടങ്ങി. തുടക്കത്തിൽ 100 ഓക്സിജൻ കിടക്കകളാണുള്ളത്. ഘട്ടംഘട്ടമായി എട്ടുദിവസത്തിനുശേഷം 1500 കിടക്കകളാക്കും. ഞായറാഴ്ച രാത്രിയോടെ ചികിത്സ തുടങ്ങി. നാവികസേനയുടെ സുരക്ഷാപരിശോധന പൂർത്തിയായശേഷമാണ് ചികിത്സ ആരംഭിച്ചത്.
സംസ്ഥാന സർക്കാർ പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത താൽക്കാലിക ഗവ. കോവിഡ് ആശുപത്രി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. ബിപിസിഎല്ലിന്റെ ഓക്സിജൻ പ്ലാന്റിൽനിന്ന് ആശുപത്രിയിലേക്ക് ഓക്സിജൻ ലഭ്യമാക്കും. വൈദ്യുതി, വെള്ളം, മറ്റ് സൗകര്യങ്ങളും ബിപിസിഎൽ സൗജന്യമായി നൽകും. 130 ഡോക്ടർമാർ, 240 നേഴ്സുമാർ ഉൾപ്പെടെ 480 പേർ ഇവിടെ സേവനത്തിനുണ്ട്.