ലണ്ടൻ
ഇംഗ്ലീഷ് ഫുട്ബോളിൽ ലെസ്റ്റർ സിറ്റിയെന്ന അത്ഭുത ടീമിന്റെ വിസ്മയക്കുതിപ്പ് വീണ്ടും. ചരിത്രത്തിലാദ്യമായി ലെസ്റ്റർ ഇംഗ്ലീഷ് എഫ്എ കപ്പിലും കിരീടം ഉയർത്തി. ഇക്കുറി വീഴ്ത്തിയത് ചെൽസിയെ. ഒരു ഗോളിനായിരുന്നു ലെസ്റ്ററിന്റെ ജയം. വെംബ്ലിയിൽ നടന്ന മത്സരം കാണാനെത്തിയത് 21,000 പേരാണ്. കോവിഡിനുശേഷം ഒരു മത്സരം കാണാൻ ഇത്രയും കാണികൾ എത്തുന്നതും ആദ്യം.
ആവേശം നിറഞ്ഞ കളിയിൽ യൂറി ടിയെലമൻസ് മിന്നുന്ന ഗോളിൽ ലെസ്റ്ററിന് കാത്തിരുന്ന ജയമൊരുക്കി. ചെൽസി ആക്രമണങ്ങളെ നിർവീര്യമാക്കിയ ഗോൾ കീപ്പർ കാസ്പെർ ഷ്മൈക്കേലും ലെസ്റ്റർ വിജയത്തിൽ നിർണായക സാന്നിധ്യമായി.
2015‐16 സീസണിൽ ആദ്യമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ ലെസ്റ്ററിന്റെ മറ്റൊരു പ്രധാന നേട്ടമാണിത്. മുൻ ലിവർപൂൾ പരിശീലകനായിരുന്ന ബ്രണ്ടൻ റോജേഴ്സിനും ഇത് അഭിമാന നിമിഷമായി. റോജേഴ്സിന്റെ കീഴിൽ ലെസ്റ്റർ ഈ സീസണിൽ ആദ്യനാലിലാണ്.
ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞ കളിയിൽ ചെൽസിക്കായിരുന്നു വീര്യം കൂടുതൽ. രണ്ടുതവണ അവർ ഗോളിന് അടുത്തെത്തി. ഒരുതവണ ബെൻ ചിൽവെലിന്റെ കരുത്തുറ്റ ഹെഡർ. ഷ്മൈക്കേൽ അതിനെ തടഞ്ഞു. പിന്നാലെ മാസൺ മൗണ്ടിന്റെ തകർപ്പൻ ഷോട്ടിനെ ഒറ്റക്കൈകൊണ്ട് കുത്തിയകറ്റി. 63–-ാംമിനിറ്റിലായിരുന്നു ടിയെലമൻസിന്റെ ഗോൾ. ഈ ബൽജിയംകാരന്റെ 25 വാര അകലെനിന്നുള്ള വലംകാൽ ഷോട്ട് ചെൽസി ഗോൾ കീപ്പർ കെപ അരിസലബാഗയെ മറികടന്ന് വലയിൽ കയറി. മികച്ച പ്രത്യാക്രമണത്തിനൊടുവിലായിരുന്നു ആ ഗോൾ.
അവസാനഘട്ടത്തിൽ ചെൽസി ഗോൾ മടക്കിയെങ്കിലും വാർ പരിശോധനയിൽ പിൻവലിച്ചു. കൂട്ടപ്പൊരിച്ചിലിനിടയിൽ ലെസ്റ്റർ താരം വെസ് മോർഗൻ സ്വന്തം വലയിലേക്കുതന്നെ പന്തിടുകയായിരുന്നു. എന്നാൽ, ലെസ്റ്ററിനെ വാർ തുണച്ചു.
ഇതിനുമുമ്പ് നാലുതവണ ലെസ്റ്റർ എഫ്എ കപ്പിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്. നാലിലും തോൽവിയായിരുന്നു ഫലം. അവസാനമായി കടന്നത് 1968‐69 സീസണിൽ.
ചെൽസിക്ക് നിരാശയായി ഈ ഫലം. പ്രീമിയർ ലീഗ് അവസാനമത്സരത്തിൽ അഴ്സണലിനോട് ചെൽസി സ്വന്തം തട്ടകത്തിൽ തോറ്റിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുകയാണ് ചെൽസി.