ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ 6,000 റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം പൂർത്തിയാക്കി. ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഹസാരിബാഗ് ടൗൺ സ്റ്റേഷനിൽ ഞായറാഴ്ച വൈഫൈ സൗകര്യം ലഭ്യമാക്കിയതോടെയാണ് സ്റ്റേഷനുകളുടെ എണ്ണം 6000 തികഞ്ഞത്. ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ ധൻബാദ് ഡിവിഷനിലാണ് ഈ സ്റ്റേഷൻ. ഡീഷയിലെ അങ്കുൾ ജില്ലയിലെ ജരപദ സ്റ്റേഷനും അന്ന് വൈ-ഫൈ സ്ഥാപിച്ചു.
2016 ജനുവരിയിലാണ് റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ ലഭ്യമാക്കുന്ന പദ്ധതി റെയിൽവേ ആരംഭിച്ചത്. മുംബൈയിലാണ് ആദ്യമായി റെയിൽവേ സ്റ്റേഷനിൽ വൈഫൈ നൽകിയത്. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വൈഫൈ നൽകിയതോടെ സ്റ്റേഷനുകളുടെ എണ്ണം 5000 തികഞ്ഞു.
Read More: വാട്സാപ്പിന്റെ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് പോകുമോ? അറിയേണ്ടതെല്ലാം
കേരളത്തിൽ 120 റെയിൽവേസ്റ്റേഷനുകളിൽ നിലവിൽ വൈഫൈ ലഭ്യമാണ്. ആന്ധ്ര പ്രദേശ് (509), അരുണാചൽ പ്രദേശ് (3), അസം (222), ബിഹാർ (384), ചണ്ഡിഗഡ് (5), ഛത്തീസ്ഗഢ് (115), ഡൽഹി (27), ഗോവ (20) ), ഗുജറാത്ത് (320), ഹരിയാന (134), ഹിമാചൽ പ്രദേശ് (24), ജമ്മു കശ്മീർ (14), ഝാർഖണ്ഡ് (217), കർണാടക (335), മധ്യപ്രദേശ് (393), മഹാരാഷ്ട്ര (550) , മേഘാലയ (1), മിസോറം (1), നാഗാലാൻഡ് (3), ഒഡീഷ (232), പഞ്ചാബ് (146), രാജസ്ഥാൻ (458), സിക്കിം (1), തമിഴ്‌നാട് (418), തെലങ്കാന (45), ത്രിപുര (19) ), ഉത്തർപ്രദേശ് (762), ഉത്തരാഖണ്ഡ് (24), പശ്ചിമ ബംഗാൾ (498) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ വൈഫൈ സൗകര്യമുള്ള റെയിൽവേ സ്റ്റേഷനുകളുടെ എണ്ണം.
റെയിൽവേയ്‌ക്ക് അധിക ചെലവ് വരാത്ത തരത്തിലാണ് സ്റ്റേഷനുകളിൽ വൈഫൈ ലഭ്യമാക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽടെലിന്റെ സഹായത്തോടെയാണ് ഈ സൗകര്യം ഒരുക്കിയത്. ഗൂഗിൾ, ടെലകോം വകുപ്പ്, പിജിസിഎൽ, ടാറ്റ ട്രസ്റ്റ് എന്നിവയുടെ പങ്കാളിത്തത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
The post 6,000 സ്റ്റേഷനുകൾ തികച്ച് റെയിൽവേയുടെ വൈഫൈ appeared first on Indian Express Malayalam.