തിരുവനന്തപുരം
മൂന്നുപതിറ്റാണ്ടിന്ശേഷം പരോളിലിറങ്ങിയ ശിവജി വീണ്ടുമെത്തിയത് മറ്റൊരു തടവറയിൽ, പക്ഷേ അത് സ്നേഹത്തിന്റെ തടവിലാണെന്ന് മാത്രം. കൊച്ചുമക്കളുടെ കളിചിരികളിൽ, അവരേകുന്ന നല്ല നിമിഷങ്ങളുടെ ‘തടവി’ലേക്ക് വഴിയൊരുക്കിയത് കോവിഡ് പ്രത്യേകപരോളാണ്.
പൂജപ്പുര സെൻട്രൽ ജയിൽ ഒന്നാംബ്ലോക്കിലെ 64കാരനായ ശിവജി, ഏകമകൾ അജിതയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം കുറച്ചുദിവസങ്ങൾ താമസിക്കണമെന്ന് ഏറെക്കാലമായി താലോലിക്കുന്ന സ്വപ്നമാണ്. സാങ്കേതിക കുരുക്കുകൾ ആ സ്വപ്നത്തിനെ വിലങ്ങണിയിച്ചപ്പോഴാണ് ‘കോവിഡ് പ്രതിസന്ധി’ തുണയായത്.
1985ൽ നടന്ന ഒരു കൊലക്കേസിൽ പ്രതിയായാണ് കുട്ടനാട് പുളിങ്കുന്ന് കണ്ണാടി സ്വദേശി ശിവജി ജയിലിലെത്തിയത്.
കൊലപാതകത്തിന്ശേഷം പാലക്കാട് മൂണ്ടൂരിലേക്ക് മുങ്ങിയ ശിവജി അവിടെ പരിചയപ്പെട്ട സത്യഭാമയെ വിവാഹംചെയ്തു. അതിലുള്ള മകളാണ് അജിത. അജിതയ്ക്ക് ഒമ്പത് ദിവസമായപ്പോൾ ശിവജി പൊലീസ് പിടിയിലായി. ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ സത്യഭാമ ജീവിതമൊടുക്കി. പിന്നീട് അജിത അമ്മൂമ്മയ്ക്കൊപ്പമായിരുന്നു. അതിനിടെ മകളെ കാണാൻ ശിവജി ജയിൽചാടി, ഒന്നല്ല നാലുതവണ. അതോടെ ശിക്ഷാകാലാവധി കൂടി. പൊലീസ് റിപ്പോർട്ട് അനുകൂലമാകാത്തതിനാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിൽ മോചനം ലഭിച്ചില്ലെന്ന് മാത്രമല്ല, ഒരിക്കൽപോലും പരോളും ലഭിച്ചില്ല. രണ്ട് തവണ പ്രത്യേക ഇളവിൽ ജയിൽമോചിതരുടെ പട്ടികയിൽ സ്ഥാനം പിടിച്ചെങ്കിലും ഒഴിവാക്കപ്പെട്ടു. അച്ഛന്റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി അജിത പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് താൽക്കാലിക പരോൾ ലഭിച്ചത്. ഒടുവിൽ പൂജപ്പുരയിലെ കൂറ്റൻ കവാടം തുറന്ന് ശിവജി പുറത്തിറങ്ങിയപ്പോൾ കൈപിടിക്കാനതാ മുമ്പിൽ മകൾ. ജയിലിനുപുറത്തെ പാതയിലൂടെ ഒരുമിച്ചേറെ നടന്നു, പിന്നീട് മുണ്ടൂർ കൂട്ടുപാതയിലെ വീട്ടിലേക്ക്. ചെറുമക്കളായ അഭിരാമിനെയും ധീരജിനെയും ദീപക്കിനെയും താലോലിച്ച് ഇനി കുറച്ചുദിവസം ശിവജി അജിതയ്ക്കും ഭർത്താവ് വി കെ രഞ്ജിത്തിനുമൊപ്പമുണ്ടാകും.
കുട്ടിക്കാലത്ത് അച്ഛനെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും എവിടെയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അജിത പറഞ്ഞു. ഒരു ചാനൽ പരിപാടിയിൽ കുടുംബത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് അച്ഛൻ ജയിലിലാണെന്നറിഞ്ഞത്. പിന്നീട് ഒന്നു രണ്ട് തവണ ജയിലിൽ പോയി കണ്ടു. താൽക്കാലികമെങ്കിലും പുറത്തിറങ്ങാനായതിൽ സന്തോഷമുണ്ടെന്ന് ശിവജിയും പറഞ്ഞു.