ന്യൂയോർക്ക്
ഇസ്രയേലിന്റെ പലസ്തീൻ ആക്രമണത്തിനെതിരെ അമേരിക്കയിലും പ്രതിഷേധം ശക്തം. ന്യൂയോർക്കിൽ നടന്ന ‘സ്വതന്ത്ര പലസ്തീൻ’ റാലിയിൽ ഒന്നാംനിര മോഡൽ ബെല്ല ഹദീദ്(ഇസബെല്ല ഖെയ്ർ ഹദീദ്) പരമ്പരാഗത പലസ്തീൻ വേഷത്തിലെത്തി. പലസ്തീൻ വംശജയായ അവർ നവമാധ്യമങ്ങളിലും പലസ്തീൻ അനുകൂല പ്രചാരണവുമായി സജീവമാണ്.
‘1948ൽ മാതൃരാജ്യത്തുനിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെട്ടവരാണ് എന്റെ കുടുംബം. സിറിയയിലും ലെബനണിലും ടുണീഷ്യയിലും ജീവിച്ചശേഷമാണ് അമേരിക്കയിൽ എത്തിയത്. പലസ്തീനിലെ സഹോദരങ്ങൾക്ക് എത്രയും വേഗം സ്വതന്ത്ര രാജ്യം സാധ്യമാകട്ടെയെന്ന് ആശംസിക്കുന്നു’–- അവർ പറഞ്ഞു.
കൻസാസിൽ നടന്ന പ്രകടനത്തിലും ‘സ്വതന്ത്ര പലസ്തീൻ’ മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് അതിൽ പങ്കെടുത്ത ജൂത വിശ്വാസി പറഞ്ഞു. പലസ്തീൻകാർ നേരിടുന്ന മനുഷ്യാവകാശ ധ്വംസനത്തിന് അറുതി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലോസ് ആഞ്ചലസ്, ബോസ്റ്റൺ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ഇസ്രയേൽ വിരുദ്ധ പ്രകടനങ്ങളിൽ ആയിരക്കണക്കിന് അമേരിക്കക്കാർ പങ്കെടുത്തു. കാനഡയുടെ തലസ്ഥാനം ടൊറന്റോയിൽ പ്രകടനം നടത്തിയ ഇസ്രയേൽ അനുകൂലികളും പലസ്തീൻ പക്ഷക്കാരും ഏറ്റുമുട്ടി. ഇറാഖടക്കം വിവിധ അറബ് രാജ്യങ്ങളിലും ജനങ്ങൾ ഇസ്രയേലിനെതിരെ തെരുവിലിറങ്ങി. ചിലയിടങ്ങളിൽ ഇസ്രയേൽ–- അമേരിക്കൻ പതാകകൾ കത്തിച്ചു.
ലണ്ടനിൽ പലസ്തീൻ ഐക്യദാർഡ്യ പ്രകടനത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ, ഫ്രണ്ട്സ് ഓഫ് അൽ അഖ്സ, പലസ്തീനിയൻ ഫോറം ഇൻ ബ്രിട്ടൻ തുടങ്ങി വിവിധ സംഘടനകൾ ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കെൻസിങ്ടണിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ സമാപിച്ച പ്രകടനത്തെ ലേബർ പാർടി മുൻ നായകൻ ജെറമി കോർബിൻ അഭിവാദ്യം ചെയ്തു.