കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് 19 വാക്സിനു വേണ്ടി ആഗോള ടെൻഡര്‍ വിളിച്ചതു സംബന്ധിച്ച് ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളവും സമാനമായ നടപടി സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് “തീര്‍ച്ചയായും” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, ഇതിൻ്റെ കൂടുതൽ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
Also Read:
രാജ്യത്ത് കൊവിഡ് 19 വാക്സിന് കടുത്ത ക്ഷാമം നേരിടുന്നതിനിടയിലാണ് വിവിധ സംസ്ഥാനങ്ങള്‍ വിദേശ വാക്സിൻ നിര്‍മാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്ന വിഷയം പരിഗണിക്കുന്നത്. കേന്ദ്രസര്‍ക്കാരിൻ്റെ പുതിയ വാക്സിൻ നയം അനുസരിച്ച് 45 വയസ്സിനു താഴെ പ്രായമുള്ളവരുടെ കൊവിഡ് 19 വാക്സിൻ ചെലവ് കേന്ദ്രം വഹിക്കില്ല. സംസ്ഥാനങ്ങള്‍ക്കോ സ്വകാര്യ ആശുപത്രികള്‍ക്കോ രാജ്യത്തെ വാക്സിൻ നിര്‍മാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ ഏറ്റെടുത്ത് വിതരണം ചെയ്യാമെന്നാണ് കേന്ദ്രനിലപാട്. സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് 19 വാക്സിൻ ലഭ്യമാക്കുമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മുൻപ് വ്യക്തമാക്കിയിരുന്നു.
അതേസമയം, വാക്സിന് ആവശ്യക്കാരേറിയെങ്കിലും രാജ്യത്തെ കൊവിഡ് 19 വാക്സിൻ ഉത്പാദനം വേഗം കൈവരിച്ചിട്ടില്ല. രാജ്യത്തെ രണ്ട് വാക്സിൻ നിര്‍മാതാക്കളിൽ നിന്നായി ഒരു കോടി ഡോസ് വാക്സിൻ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അഞ്ചു ലക്ഷത്തിൽ താഴെ ഡോസ് വാക്സിൻ മാത്രമാണ് എത്തിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന വേഗതയിൽ വാക്സിൻ എത്തിയാൽ വാക്സിനേഷൻ പൂര്‍ത്തിയാക്കാൻ രണ്ട് വര്‍ഷത്തോളം സമയമെടുക്കുമെന്ന് കേരള ഹൈക്കോടതിയും കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
Also Read:
അതേസമയം, വിദേശത്തു നിന്ന് കൊവിഡ് 19 വാക്സിൻ ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതി കേന്ദ്രസര്‍ക്കാര്‍ എടുത്തു നീക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശ കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാൻ സംസ്ഥാന സര്‍ക്കാരുകള്‍ ആലോചിക്കുന്നത്. ഫൈസര്‍ ഉള്‍പ്പെടെയുള്ള വാക്സിൻ നിര്‍മാതാക്കള്‍ ഇതിനോടകം ഇന്ത്യയിൽ സര്‍ക്കാര്‍ ചാനലിലൂടെ വാക്സിൻ വിൽക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.