തിരുവനന്തപുരം > രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തെങ്ങും കനത്ത നാശം. രാത്രി വൈകിയും കനത്തമഴ തുടരുകയാണ്. കടലാക്രമണത്തിൽ നിരവധി വീട് തകർന്നു. മരംവീണ് വഴികളടഞ്ഞ് ഒറ്റപ്പെട്ട ഇടുക്കി വട്ടവടയിൽ നെഞ്ചുവേദനയെത്തുടർന്ന് അവശനിലയിലായ ഒരാളെ ആശുപത്രിയിൽ എത്തിക്കാനാകാതെ പാതിവഴിയിൽ മരിച്ചു. വട്ടവട സ്വദേശി രാജയാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി വട്ടക്കായലിൽ ചൂണ്ടയിടാൻ പോയ വള്ളംമറിഞ്ഞ് മരുതൂർക്കുളങ്ങര തെക്ക് മംഗലത്ത് സുധിനെ (22) കാണാതായി.
തിരുവനന്തപുരം: 11 വീട് പൂർണമായും 228 വീട് ഭാഗികമായും തകർന്നു. വലിയതുറ കടൽപ്പാലത്തിനും കേടുപാടുണ്ട്. വ്യാപകമായി കൃഷിനശിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ജില്ലയിൽ 293 കുടുംബത്തിലെ 1128 പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കു മാറ്റി. ക്യാമ്പുകൾക്ക് 326 കെട്ടിടം സജ്ജമാക്കി.
എറണാകുളം : ജില്ലയിലെ ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണത്തിൽ നിരവധി വീട് പൂര്ണമായും ഭാഗികമായും തകര്ന്നു. ചെല്ലാനം -പാണ്ടിക്കുടി തീരദേശ ഹൈവേ മുങ്ങി. മണലടിഞ്ഞ് വൈപ്പിന് തീരദേശ റോഡിന്റെ എടവനക്കാട് ഭാഗം തകര്ന്നു. ശനിയാഴ്ച രാവിലെ ഏഴുവരെ 15 ദുരിതാശ്വാസക്യമ്പ് തുറന്നു. 89 കുടുംബത്തിലെ 410 പേർ ദുരിതാശ്വാസക്യാമ്പുകളിലാണ്.
കാസർകോട്: ജില്ലയിൽ നിരവധി വീട് തകർന്നു. കാർഷികവിളകൾ നശിച്ചു. കാസർകോട്, ഉപ്പള മുസോടി, വലിയപറമ്പ്, ബേക്കൽ എന്നിവിടങ്ങളിൽ കടലാക്രമണമുണ്ടായി. ഉപ്പള മുസോടിയിൽ മൂസ ഇബ്രാഹിമിന്റെ ഇരുനില വീട് നിലംപതിച്ചു.
കണ്ണൂർ: ജില്ലയിലും പലേടത്തും കടൽഭിത്തിയും സമീപ റോഡുകളും തകർന്നു. ഇരുപതോളം കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. നിരവധി വീട് തകർന്നു. പാനൂർ കൈവേലിക്കലിൽ വീട്ടുകിണറും കുളിമുറിയും ഇടിഞ്ഞുതാണു.
കോട്ടയം: ജില്ലയിൽ രണ്ട് ദുരിതാശ്വാസക്യാമ്പ് തുറന്നു. ഒമ്പത് കുടുംബത്തിലെ 37 പേരെ മാറ്റിപ്പാർപ്പിച്ചു. കൊയ്യാറായ പാടങ്ങൾ മട വീണും വെള്ളം കയറിയും നശിച്ചു.
ഇടുക്കി: 205 ഹെക്ടറിലെ കൃഷി നശിച്ചു. പീരുമേട്ടിൽ വീട് തകർന്ന് ഒരാൾക്ക് പരിക്കേറ്റു. 17 വീട് പൂർണമായും തൊടുപുഴയിൽ – 44, ഉടുമ്പൻചോലയിൽ- 22, ഇടുക്കിയിൽ- 59, ദേവികുളത്ത്- 70, പീരുമേട്ടിൽ 63 വീട് ഭാഗികമായും തകർന്നു. ഉടുമ്പൻചോല താലൂക്കിൽ നാല് കുടുംബത്തിലെ 13 പേരെ മാറ്റിപ്പാർപ്പിച്ചു. പെരിയാറിലും മുതിരപ്പുഴയാറ്റിലും ജലനിരപ്പുയർന്നു. ഹൈറേഞ്ചിന്റെ ഉൾപ്രദേശങ്ങൾ ഗതാഗതം മുടങ്ങി ഒറ്റപ്പെട്ടു. കാൽവരിമൗണ്ട് എൽപി സ്കൂളിന്റെ മേൽക്കൂര നിലംപതിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പത്തനംതിട്ട: ജില്ലയിലെ നദികളിലും ജലസംഭരണികളിലും ജലനിരപ്പ് ഉയർന്നു. മണിയാർ ഡാമിന്റെ നാല് ഷട്ടർ തുറന്നു. മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു.
മണിമലയാർ കരകവിഞ്ഞ് മല്ലപ്പള്ളി, തിരുവല്ല പ്രദേശങ്ങളിൽ നാശനഷ്ടമുണ്ടായി. റോഡിലും പല വീട്ടിലും മരങ്ങൾ വീണു.
തൃശൂർ: ജില്ലയിൽ കൊടുങ്ങല്ലൂരിൽ കടൽക്ഷോഭത്തിനു പുറമെ അതിതീവ്രമഴയുമായതോടെ ദുരിതമിരട്ടിച്ചു. എറിയാട്, എടവിലങ്, എസ്എൻ പുരം, മതിലകം, കടപ്പുറം, പുന്നയൂർക്കുളം, ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി പഞ്ചായത്തുകളിൽ കടലാക്രമണം രൂക്ഷമായി. ഏറിയാട് ഒന്നര കിലോമീറ്റർ ദൂരം കടൽ കയറി. കൊടുങ്ങല്ലൂരിൽ ഏകദേശം 2000 വീട്ടിൽ വെള്ളം കയറി. പുതുതായി നാല് ദുരിതാശ്വാസക്യാമ്പുകൂടി ആരംഭിച്ചു. പൊക്കുളങ്ങര ബീച്ച് പ്രദേശത്തെ 300 വീട്ടിൽ വെള്ളം കയറി.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കുട്ടൻകുളത്തിന്റെ മതിൽ തകർന്നു.
കൊല്ലം: ജില്ലയിൽ ആറ് വീട് പൂർണമായും 146 വീട് ഭാഗികമായും നശിച്ചു. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പിലായി 235 പേരെ മാറ്റിപ്പാർപ്പിച്ചു. മൺറോതുരുത്തിന്റെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറി. ഇരവിപുരം–- കാക്കത്തോപ്പ് തീരദേശ റോഡ് തകർന്നു.
കോഴിക്കോട് : ജില്ലയിൽ കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലായി രണ്ടുവീതം ദുരിതാശ്വാസക്യാമ്പ് തുടങ്ങി. വടകരയിൽ 100 കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കൊയിലാണ്ടി വരകുന്നിലും ചോമ്പാലയിലും ഓരോ വീട് തകർന്നു. കടലുണ്ടിയിൽ കടലാക്രമണത്തെതുടർന്ന് 19 കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. തൂവപ്പാറ മുനമ്പംഭാഗത്ത് കര കടലെടുത്തു.
വയനാട് :ജില്ലയിൽ തലപ്പുഴ തവിഞ്ഞാൽ 44–മക്കിമല പാതയിൽ മരംവീണ് ഗതാഗതം മുടങ്ങി. നെന്മേനിയിൽ ചിറ്റൂർ കുറുമ കോളനിയിൽ വീട് തകർന്ന് ഗൃഹനാഥന് പരിക്കേറ്റു. വൈത്തിരി ചാരിറ്റിയിൽ മരംവീണ് വീടിന് ഭാഗികമായി കേടുപറ്റി. തോമോട്ടുചാലിൽ വീടിന്റെ മേൽക്കൂര തകർന്നു.
പാലക്കാട്: ജില്ലയിൽ ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയർന്നതിനാൽ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ രണ്ട് ഷട്ടർ തുറന്നു. ജാഗ്രതയുടെ ഭാഗമായി കാഞ്ഞിരപ്പുഴ റിവർ സ്ലൂയിസ് 35 അടി ഉയർത്തി. അട്ടപ്പാടിയിൽ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു.
ആലപ്പുഴ: ജില്ലയിൽ 11 ദുരിതാശ്വാസക്യാമ്പിലായി 73 കുടുംബമുണ്ട്. ആലപ്പുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നൂറുകണക്കിനു വീട് മരംവീണ് തകർന്നു. ആറാട്ടുപുഴയിൽ നൂറുകണക്കിനു വീട്ടിൽ വെള്ളം കയറി. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. തോട്ടപ്പള്ളി സ്പിൽവേയുടെ മുഴുവൻ ഷട്ടറുകളും തുറന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകളെല്ലാം ഉയർത്തി. അന്ധകാരനഴി പൊഴിമുറിക്കൽ സാധ്യമായില്ല. മാന്നാർ, മാവേലിക്കര മേഖലകളിൽ ഏക്കറുകണക്കിനു പച്ചക്കറികൃഷി നശിച്ചു.
മലപ്പുറം: ജില്ലയിൽ പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി തീരങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. പൊന്നാനി താലൂക്കിലെ 41 കുടുംബത്തിലെ 156 പേരെ പൊന്നാനി, പെരുമ്പടപ്പ്, വെളിയങ്കോട് ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. ആകെ 195 കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ചുങ്കത്തറ കൈപ്പിനിക്കടവിലെ താൽക്കാലിക നടപ്പാലം ഒലിച്ചുപോയി. തിരൂരിൽ കടലാക്രമണത്തിൽ ഒരു വീട് തകർന്നു.
1430 ഹെക്ടർ നെൽക്കൃഷി നശിച്ചു
മിൽജിത് രവീന്ദ്രൻ
തിരുവനന്തപുരം > കനത്ത മഴയിലും കാറ്റിലും മോശം കാലാവസ്ഥയിലും സംസ്ഥാനത്ത് 953.97 കോടി രൂപയുടെ കൃഷിനാശം.
മെയ് ഒന്നുമുതൽ ശനിയാഴ്ചവരെ ലഭിച്ച കണക്കനുസരിച്ചാണ് ഇത്. 7280 ഹെക്ടറിലെ കൃഷി നശിച്ചപ്പോൾ 33,295 കർഷകരെ ബാധിച്ചു. കനത്ത മഴയും കാറ്റുമുണ്ടായ വെള്ളി, ശനി ദിവസങ്ങളിലെ പൂർണ കണക്ക് ലഭിക്കുന്നതോടെ നഷ്ടം വലിയതോതിൽ ഉയരും.
കൂടുതൽ ആലപ്പുഴയിൽ
ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൃഷി നശിച്ചത്. 876 ഹെക്ടറിലെ കൃഷി നശിച്ചു. 836.33 കോടിയുടെ നാശമാണ് കണക്കാക്കുന്നത്. 4414 കർഷകരെ ബാധിച്ചു. എറണാകുളത്ത് 1387ഉം കാസർകോട്ട് 1670ഉം കൊല്ലത്ത് 505ഉം കോട്ടയത്ത് 590ഉം ഹെക്ടറിലെ കൃഷി നശിച്ചു. മലപ്പുറത്ത് 21.8 കോടിയും തിരുവനന്തപുരത്ത് 17.8ഉം പത്തനംതിട്ടയിൽ 16.49ഉം ഇടുക്കിയിൽ 10.49ഉം വയനാട്ടിൽ 14.17 കോടിയുടെയും നാശനഷ്ടം കണക്കാക്കുന്നു. ഇടുക്കിയിൽ 2076ഉം കണ്ണൂരിൽ 2899ഉം തിരുവനന്തപുരത്ത് 5559ഉം കോഴിക്കോട്ട് 2788ഉം മലപ്പുറത്ത് 2792ഉം പത്തനംതിട്ടയിൽ 2509ഉം കർഷകർക്ക് നാശനഷ്ടമുണ്ടായി.
1430 ഹെക്ടറിലെ നെൽക്കൃഷിയാണ് നശിച്ചത്. 845.94 കോടിയുടെ നഷ്ടം കണക്കാക്കുന്നു. 27,018 റബർ മരം നശിച്ചു. 16 ലക്ഷത്തിലധികം വാഴയും നശിച്ചു. 86.93 കോടിയുടെ നഷ്ടം കണക്കാക്കുന്നു.
പ്രളയഭീതിയുടെ സാഹചര്യമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം > മഴക്കാലമല്ലാത്തതിനാൽ സംസ്ഥാനത്ത് വലിയ പ്രളയഭീതിയുടെ സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിശക്തമായ മഴ തുടരുകയാണെങ്കിൽ നദിക്കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ചുഴലിക്കാറ്റ് മാറിയാലും അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മൺസൂണെത്തും.
രൂക്ഷമായ കടൽക്ഷോഭം തീരദേശത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കേരളത്തിന്റെ തീരം സുരക്ഷിതമല്ലാതാകുന്നുവെന്നത് ഗൗരവമായി കാണണം. കടൽഭിത്തി നിർമിച്ചതുകൊണ്ടുമാത്രം ശാശ്വത പരിഹാരമാകില്ല. അപകടാവസ്ഥയിലുള്ള തീരദേശവാസികളുടെ സുരക്ഷയ്ക്കുള്ള ശാശ്വത പരിഹാരമായാണ് ‘പുനർഗേഹം’ ആവിഷ്കരിച്ചത്. 50 മീറ്റർ വേലിയേറ്റപരിധിയിൽ അപകടസാധ്യതയുണ്ടെന്ന് കണക്കാക്കുന്ന വീടുകളിലുള്ളവർക്ക് സുരക്ഷിത സ്ഥലത്ത് ഭൂമിവാങ്ങാനും വീട് വയ്ക്കാനും സാമ്പത്തികസഹായം നൽകുന്ന പദ്ധതിയാണ് ഇത്.
കോവിഡ് സാഹചര്യത്തിൽ സുരക്ഷിതമായി ക്യാമ്പുകൾ നടത്തും. രോഗികളായവരെയും ക്വാറന്റൈനിൽ കഴിയുന്നവരെയും പ്രത്യേകം പാർപ്പിക്കും. ക്യാമ്പുകളിലെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.