തിരുവനന്തപുരം > സംസ്ഥാന വ്യാപകമായുണ്ടായ തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടായതായി കെഎസ്ഇബി. നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം നാശം. കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതിൽ നാശനഷ്ടമുണ്ടായി.
ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ആശുപത്രികളിലേക്കും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്സിജൻ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുനഃസ്ഥാപിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കാൻ ജാഗ്രത പുലർത്തുകയും ചെയ്തു. വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ വി ലൈനിലെ തകരാറുകൾ പരിഹരിക്കാനാണ് മുൻഗണന നൽകുക. തുടർന്ന്, ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറും പരിഹരിക്കും. ഇതിനുശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികൾ തീർക്കുക.