തിരുവനന്തപുരം > അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് കൂടുതൽ കരുത്താർജിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റിൻ്റെ കേന്ദ്രം കേരളതീരത്ത് നിന്നും വടക്കോട്ട് പോയെങ്കിലും കേരളത്തിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവം തുടരുകയാണ്. അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവമുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വാക്കുകൾ…
കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപക മഴ തുടരുകയാണ്. രണ്ട് ദിവസമായുള്ള കാറ്റും മഴയും മൂലം വ്യാപക നാശമുണ്ടായി. കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ കണക്ക് പ്രകാരം രണ്ട് ദിവസത്തിൽ കേരളത്തിൽ ആകെ രേഖപ്പെടുത്തിയത് 145.5 മില്ലിമീറ്ററാണ്.
കൊച്ചിയിലും പീരുമേട്ടിലും 200 മില്ലിമീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി.വടക്കൻ ജില്ലകളിൽ ഇന്ന് രാത്രിയും ചുഴലിക്കാറ്റിൻ്റെ ഭാഗമായി ശക്തമായ കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്. കാറ്റ് വലിയ തോതിലുള്ള അപകടം സൃഷ്ടിക്കുന്നു. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുമാണ് കൂടുതൽ അപകടം. അതിനാൽ കഴിഞ്ഞ ദിവസം പറഞ്ഞ പോലെ നമ്മുടെ പറമ്പിലും സമീപത്തുമുള്ള മരങ്ങളും ശാഖകളും സുരക്ഷിതമാണോ എന്ന് ഉറപ്പാക്കണം.
ചുഴലിക്കാറ്റ് മാറിപ്പോയാലും അടുത്തുതന്നെ കേരളത്തിലേക്ക് മണ്സൂണ് മഴ എത്തും. മെയ് 31-ഓടെ മഴ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. കാലവർഷത്തിലും മരം വീണാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത്. ഇക്കാര്യത്തില് നല്ല ജാഗ്രത വേണം. ചെറിയ അണക്കെട്ടുകളെല്ലാം തുറന്ന് നിയന്ത്രിതമായ അളവിൽ വെള്ളം ഒഴുക്കിവിട്ടിട്ടുണ്ട്. ഇത്തരം അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ ജാഗ്രത തുടരണം.
രൂക്ഷമായ കടൽക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശത്തുണ്ടാക്കിയത്. ഒൻപത് ജില്ലകളിൽ കടൽക്ഷോഭമുണ്ടായി. കേരളത്തിൻ്റെ തീരം സുരക്ഷിതമല്ലെന്നത് ആശങ്കയുണ്ടാക്കുന്നു. കടൽഭിത്തി ശ്വാശ്വത പരിഹാരമല്ല.അപകടാവസ്ഥയിൽ കഴിയുന്ന തീരദേശവാസികളുടെ പ്രശ്നത്തിനുള്ള ശ്വാശ്വത പരിഹാരം എന്ന നിലയിലാണ് പുനർഗേഹം എന്ന പദ്ധതി നടപ്പാക്കുന്നത്.