“ഇന്നാട്ടിൽ ഇപ്പോൾ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മൾ മാറ്റിവച്ചിരിക്കുകയാണ്. എല്ലാം ചടങ്ങിനുമാത്രം. വിവാഹത്തിന് 20 പേര് എന്ന് പറഞ്ഞാൽ എന്റെ വീട്ടിൽ ഒരു വിവാഹം നടന്നാൽ ഏറ്റവും അടുത്ത ബന്ധുക്കൾക്കുപോലും പങ്കെടുക്കാൻ പറ്റില്ല. 21 പേര് പങ്കെടുത്താൽ 21 പേരും കേസ് നേരിടേണ്ടിവരുന്ന നാടാണ് ഇതിപ്പോൾ.”
“അപ്പോൾ ഇരുനൂറുപേരുടെയോ അഞ്ഞൂറ് പേരുടെയോ ചടങ്ങു നടത്തുന്നത്, എത്ര നിബന്ധനകളോടെ ആണെങ്കിലും ശരി, നാട്ടിൽ രണ്ടുതരം പൗരന്മാരുണ്ട് എന്ന അവസ്‌ഥ സൃഷ്ടിക്കലാണ്. നിയുക്തമന്ത്രിമാരുടെ ബന്ധുക്കൾ കാസർഗോഡുമുതൽ പല സ്‌ഥലത്തുനിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യും. അടിയന്തര ഘട്ടത്തിൽ അത് ചെയ്യേണ്ട എന്നല്ല; എന്നാൽ അങ്ങിനെയുള്ള ഒരു അടിയന്തിര സംഭവമല്ല സത്യപ്രതിജ്ഞ. അതൊരു ഭരണഘടനാ നടപടിയാണ്. അവർക്ക് മാത്രമായി നാട്ടിൽ വേറെ നിയമമില്ല.”
“എൽ ഡി എഫ് മന്ത്രിസഭ അധികാരമേൽക്കുന്നത് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സത്യപ്രതിജ്ഞയോടെ ആണെന്നാണ് അറിയാൻ കഴിയുന്നത്.ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഒരാഴ്‌ചയായി കാണുന്നു. അത് ശരിയായിരിക്കില്ല എന്നാണ് വിചാരിച്ചത്. പക്ഷെ അങ്ങിനെയല്ല എന്നാണ് അന്വേഷിച്ചപ്പോൾ അറിയുന്നത്. 200 മുതൽ അഞ്ഞൂറ് പേര് വരെ ചടങ്ങിൽ പങ്കെടുക്കും; എല്ലാവർക്കും ആന്റിജൻ, ആർടിപിസിആർ ടെസ്റ്റുകൾ എടുക്കും. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്നൊക്കെയാണ് അറിയുന്നത്. മുൻകരുതൽ ഒക്കെ കൊള്ളാം; പക്ഷെ അതിലൊരു മര്യാദകേടുണ്ട്. ഓൺലൈനായിട്ടു നടത്തുക എന്നതായിരിക്കും ഏറ്റവും മികച്ച കാര്യം. അത് വിപ്ലവകരമായ ഒരു പുതിയ തുടക്കമാകും; സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽപ്പോലും അത് സുഖകരമായ ഒരു പാരസ്പര്യം സൃഷ്ടിക്കും. ” മുതിർന്ന മാധ്യമ പ്രവർത്തകനായ കെജെ ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചു.
“ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുണ്ടാവും എന്നും പറയുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പൊതുജനമില്ലെങ്കിൽ പിന്നെ ആരാണ് ഒരു സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രമുഖർ? വോട്ടവകാശമുള്ള പൗരന് പ്രവേശനമില്ലാത്ത ഒരിടത്ത് അയാളേക്കാൾ/അവളെക്കാൾ വലിയ പ്രമുഖനാരാണ് എന്നത് ജനാധിപത്യത്തിലെ പ്രാഥമികമായ ചോദ്യമായി നാം ഉയർത്തണം.” സുപ്രീംകോടതി അഭിഭാഷകനായ പ്രമോദ് പുഴങ്കര ഫേസ്ബുക്കിൽ കുറിച്ചു.
ചടങ്ങ് വെർച്വലായി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തുണ്ട്. ഇത് കൊവിഡ് പ്രതിരോധത്തിന് ഏറ്റവും വലിയ സന്ദേശമാകും നൽകുകയെന്നും ഐഎംഎ വ്യക്തമാക്കി. കൊവിഡ് അതി രൂക്ഷമായ ഘട്ടത്തിലാണ് ഐഎംഎയുടെ നിർദ്ദേശം. കേരളത്തിൽ ലോക്ക് ഡൗൺ മെയ് 23 വരെ നീട്ടാനുള്ള സര്‍ക്കാര്‍ നടപടിയേയും ഐഎംഎ അഭിനന്ദിച്ചു. സത്യപ്രതിജ്ഞ മെയ് 20ന് നടത്താനാണ് എൽഡിഎഫ് തീരുമാനം. സത്യപ്രതിജ്ഞയിൽ അഞ്ഞൂറിലേറെപ്പോര്‍ പങ്കെടുക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകൾ.