ലണ്ടണ്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ജൂണ്‍ മാസം മുതല്‍ സുപ്രധാന മത്സരങ്ങള്‍ ഉള്ളതിനാല്‍ ഐപില്ലില്‍ താരങ്ങള്‍ കളിക്കാന്‍ സാധ്യത ഇല്ലെന്ന് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്ലി ഗില്‍സ്. താരങ്ങള്‍ക്കിടയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടാഴ്ച മുന്‍പാണ് ടൂര്‍ണമെന്‍റ് താത്കാലികമായി നിര്‍ത്തി വച്ചത്. ഐപിഎല്‍ ഈ വര്‍ഷം പുനരാരംഭിക്കാന്‍ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്ന് ട്വന്റി 20 ലോകകപ്പിന് മുന്‍പ് സെപ്തംബറില്‍, അല്ലെങ്കില്‍ നവംബര്‍ പകുതിയോടെ.
ഈ രണ്ട് സമയങ്ങളിലും ഇംഗ്ലണ്ടിന്റെ മുന്‍നിര താരങ്ങള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ ഉണ്ട്. സെപ്തംബറിലും ഒക്ടോബറിലുമായി ബംഗ്ലാദേശുമായും പാക്കിസ്ഥാനുമായുമാണ് പരമ്പരകള്‍. ട്വന്റി 20 ലോകകപ്പിന് തൊട്ടു പിന്നാലെയാണ് ഓസ്ട്രേലിയയുമായുള്ള ആഷസ് പരമ്പരയും. “ബംഗ്ലാദേശും പാക്കിസ്ഥാനുമായുള്ള പരമ്പരകള്‍ ക്രമീകരിച്ച സമയത്ത് നടക്കുകയാണെങ്കില്‍ താരങ്ങള്‍ എല്ലാം ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,” ഗില്‍സ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോട് വ്യക്തമാക്കി.
Also Read : ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി താരങ്ങള്‍ക്ക് ബിസിസിഐയുടെ കര്‍ശന നിര്‍ദേശങ്ങള്‍
വിവിധ ടീമുകളിലായി 11 ഇംഗ്ലണ്ട് താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. “ഐപിഎല്ലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തത നല്‍കിയിട്ടില്ല. പക്ഷെ ഇനിയുള്ള സമയം ഇംഗ്ലണ്ട് ക്രിക്കറ്റിനെ സംബന്ധിച്ച് തിരക്കുള്ളതാണ്. ട്വന്റി 20 ലോകകപ്പും ആഷസ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട മത്സരങ്ങളാണ് വരാനുള്ളത്,” ഗില്‍സ് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ഐപിഎല്ലിലെ പല ടീമുകള്‍ക്കും തിരിച്ചടിയാണ്. ജോസ് ബട്ലറിന്റെ സാന്നിധ്യം രാജസ്ഥാന്‍ റോയല്‍സിന്റെ കരുത്തായിരുന്നു. നായകന്‍ സഞ്ജു സാംസണ്‍ പല ഘട്ടങ്ങളിലും ബട്ലറിന്റെ സഹായം തേടിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മൊയീന്‍ അലി, സാ കറണ്‍ എന്നിവര്‍ മുന്‍ ചാമ്പ്യന്മാരുടെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
The post ഐപിഎല്‍ ഈ വര്‍ഷം പുനരാരംഭിച്ചാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കാന്‍ സാധ്യതയില്ല appeared first on Indian Express Malayalam.