വേൾഡ് അത്ലറ്റിക്സിന്റെ ഈ മാസത്തെ ലോക റാങ്കിങ് പുറത്തുവന്നതോടെ മലപ്പുറത്തെ തിരൂർ പട്ടണത്തിൽ ആഘോഷമായിരുന്നു. നാട്ടുകാരനായ മുഹമ്മദ് ഹനാൻ വി ലോക റാങ്കിങ്ങിൽ ഇടം നേടിയിരിക്കുന്നു.
ഫെബ്രുവരി 26ന് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന സൗത്ത് സോൺ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കടം വാങ്ങിയ സ്പൈക്സുകളുമായി ആൺകുട്ടികളുടെ അണ്ടർ 18 കാറ്റഗറിയിൽ മത്സരിച്ച ഹനാൻ, ഹർഡിൽസ് മത്സരത്തിൽ 110മീറ്റർ ഓടിത്തീർത്തത് 13.08 സെക്കൻഡിൽ ആയിരുന്നു. മത്സരത്തിൽ ഒന്നാമതെത്തി സ്വർണ്ണവും നേടി.
അന്ന് ആ സ്റ്റേഡിയത്തിൽ ഹനാൻ കുറിച്ചത് 110 മീറ്റർ ഹർഡിൽസിലെ നിലവിലെ ലോക റാങ്കിങ് പ്രകാരം ഏറ്റവും വേഗത്തിലുള്ള മൂന്നാമത്തെ സമയമായിരുന്നു. ഇതിൽ എടുത്ത് പറയേണ്ടത്, സിന്തറ്റിക്ക് ട്രാക്കിൽ ഇതുവരെ പരിശീലിക്കാതെയായിരുന്നു ഹനാന്റെ നേട്ടം. ടൈൽ വിരിച്ച നടപ്പാതകളിലും, തിരൂരിലെ വെള്ളച്ചയിലെ ചെറിയ വീടിന്റെ വഴിയിലുമായിരുന്നു ഹനാന്റെ പരിശീലനം. ഇടക്ക് അടുത്തുള്ള ബീച്ചിലും പരിശീലനം നടത്തുമായിരുന്നു.
” ഇത് റമദാനാണ്, അതുകൊണ്ട് എനിക്ക് ഉറങ്ങാൻ അധിക സമയം ലഭിക്കും അപ്പോഴെല്ലാം ഒളിംപിക്സിൽ മത്സരിക്കുന്നതാണ് ഞാൻ സ്വപ്നം കാണുന്നത്. എന്റെ ആഹ്ളാദം ഇതുവരെ നിന്നിട്ടില്ല, ലോക റാങ്കിങ്ങിന്റെ ആദ്യ മൂന്നിൽ ഞാൻ ഉണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല” ഹനാൻ ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു. റാങ്കിന്റെ ആദ്യ രണ്ടു സ്ഥാനങ്ങളിൽ റഷ്യൻ അത്ലറ്റുകളും, നാല് അഞ്ച് സ്ഥാനങ്ങളിൽ ജർമ്മൻ താരവും ജമൈക്കൻ താരവുമാണ്. റാങ്കിങിലുള്ള മറ്റു ഇന്ത്യക്കാർ 37-മത് ഉള്ള സാർത്ഥക് സദാശിവും 52-മത് ഉള്ള ശുഭം സിങ്ങുമാണ്.
എന്തായാലും ഈ വർഷത്തെ ലോക റാങ്കിങ് വിലമതിക്കുന്നതാണ്. ഒരു ഇന്ത്യൻ താരം ലോക റാങ്കിങ്ങിൽ മൂന്നാമത് വരുന്നത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്. “ഹനാനെ സംബന്ധിച്ച് ഇത് ഒരു ചെറിയ പടിയല്ല. ഈ റാങ്കിങ് അവൻ നിലനിർത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്താൽ അത് വലിയ സംഭവമാകും. ഇത് സീസണിന്റെ തുടക്കമാണ് എന്നാൽ പോലും മൂന്നാം റാങ്കിൽ എത്തിയതിന് അവനെ കുറച്ചു നാളത്തേക്കെങ്കിലും എല്ലാവർക്കും അംഗീകരിക്കാതിരിക്കാനാകില്ല” മുതിർന്ന അത്ലറ്റിക്സ് സ്റ്റാറ്റിസ്റ്റിഷ്യനായ റാം മുരളീകൃഷ്ണൻ പറഞ്ഞു.
Read Also: യുഎഇയിലെ ഐപിഎല്‍; ബിസിസിഐ ലാഭിക്കുന്നത് 3000 കോടി രൂപ
അബുദാബിയിൽ ഡ്രൈവറായി ജോലി നോക്കുന്ന കരീമിന്റെയും, വീട്ടമ്മയായ നൂർജഹാന്റെയും മൂന്നാമത്തെ മകനാണ് ഹനാൻ. ഹനാന് പരിശീലനം നൽകുന്നത് മൂത്ത സഹോദരനായ ഹർഷാദാണ്. കോട്ടയം എം.ജി യൂണിവേഴ്സിറ്റിയിലെ എംപിഎഡ് വിദ്യാർത്ഥിയാണ്.
ഹനാനും, 400മീറ്റർ ഹർഡിൽസ് മത്സരാർത്ഥിയും സംസ്ഥാന മീറ്റുകളിലെ മെഡൽ ജേതാവുമായ സഹോദരൻ മുഹമ്മദ് ആഷിക്കും അടുത്തുള്ള കൂട്ടുകാരും ചേർന്നാണ് പരിശീലനം നടത്തുന്നത്.
“ഹനാൻ ഉറപ്പായിട്ടും അവന്റെ ലക്ഷ്യം നേടും ഇന്ത്യക്ക് ഒരു ഒളിമ്പിക്സ് മെഡൽ സമ്മാനിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോഴുള്ള റാങ്കിങ് വെച്ച് നല്ല പിന്തുണയോടെ കൃത്യമായ പാതയിൽ അവന് മുന്നോട്ട് പോകാൻ കഴിഞ്ഞാൽ അവൻ ഒളിമ്പിക് പോഡിയത്തിൽ കയറുമെന്ന് എനിക്ക് ഉറപ്പുണ്ട്” ഹർഷാദ് പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ഗുവാഹത്തിയിൽ നടന്ന നാഷണൽ ജൂനിയർ മീറ്റിൽ ഹനാൻ മത്സരിച്ചിരുന്നു. അവിടെ നിന്നാണ് ഹനാൻ ഒരു ചാമ്പ്യനായി ഉയർന്നത്. അതിനു ശേഷം താനുരിലെ ദേവധാർ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ ഈ പ്ലസ് ടു വിദ്യാർത്ഥിക്ക് വെല്ലിങ്ടണിലെ, മദ്രാസ് റെജിമെന്റൽ സെന്ററിൽ ജോലി ലഭിക്കുകയും ചെയ്തു.കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ നീട്ടി വെച്ച പ്ലസ് ടു പരീക്ഷ പൂർത്തിയായ ശേഷം ഹവില്ദാറായി അവിടെ ജോലിയിൽ പ്രവേശിക്കാൻ തയായറെടുക്കുകയാണ് ഹനാൻ.
“പതിനെട്ടാം വയസ്സിൽ എംആർസിയിൽ ജോലി ചെയ്യുന്നത് തുടക്കക്കാരൻ എന്ന നിലയിൽ എന്റെ അത്‌ലറ്റിക് കരിയറിന് ഗുണം ചെയ്യും. എന്റെ സഹോദരനിൽ നിന്നും ഡോക്ടറിൽ നിന്നും എനിക്ക് ഇൻഡോർ ജിമ്മിൽ വ്യായാമം ചെയ്യാൻ അനുമതി നൽകിയ ധീർകയുഷ് ഫിറ്റ്നസ് സെന്ററിൽ നിന്നും ലഭിക്കുന്ന പിന്തുണ കൊണ്ടും എനിക്ക് മുന്നോട്ട് പോകാൻ കഴിയും” രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഈ ഫെബ്രുവരിയിൽ അതേ സ്റ്റേഡിയത്തിൽ വെച്ച് സംസ്ഥാന മീറ്റിൽ സ്വർണം തിരിച്ചുപിടിച്ച ഹനാൻ പറഞ്ഞു.
The post ഹർഡിൽസ് ലോക റാങ്കിങ്ങിൽ മൂന്നാമത് മലപ്പുറം സ്വദേശി, പതിനേഴുകാരൻ ഹനാൻ appeared first on Indian Express Malayalam.