ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക എന്നത് ക്യാപ്റ്റൻ സഞ്ജു സാംസണ് ഒരു മികച്ച പഠന അനുഭവമാണെന്ന് സ്റ്റാർ ഓപ്പണർ ജോസ് ബട്‌ലർ. ടൂർണമെന്റ് പുരോഗമിക്കും തോറും യുവതാരം ക്യാപ്റ്റന്റെ റോളിലേക്ക് വളർന്നുവെന്നും ജോസ് ബട്‌ലർ അഭിപ്രായപ്പെട്ടു.
2020 സീസണിൽ രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനായി ഫിനിഷ് ചെയ്ത സഞ്ജു സാംസൺ, ഓസീസ് താരം സ്റ്റീവ് സ്മിത്തിന് പകരമായി ജനുവരിയിലാണ് രാജസ്ഥാൻ റോയൽസിന്റെ നായകനായത്.
“ഇത് അദ്ദേഹത്തിന് ഒരു വലിയ പഠന അനുഭവമായിരുന്നു. ടൂർണമെന്റ് പകുതി ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ അദ്ദേഹം ശരിക്കും ഈ റോളിലേക്ക് വളരുകയായിരുന്നു. സീസണിന്റെ അവസാനത്തേക്ക് മികച്ചതും കൂടുതൽ സ്ഥിരതയാർന്നതുമായ പ്രകടനങ്ങൾ ഒരു കൂട്ടിച്ചേർക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ബട്‌ലർ ഒരു ഓൺലൈൻ അഭിമുഖത്തിൽ പറഞ്ഞു.
Read More: ഐപിഎല്‍ ഈ വര്‍ഷം പുനരാരംഭിച്ചാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കാന്‍ സാധ്യതയില്ല
“സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ കളിക്കുന്നത് ഞാൻ വളരെ ആസ്വദിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ ഇത് അദ്ദേഹത്തെ മാറ്റിമറിച്ചുവെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം തികച്ചും സ്വതന്ത്രനും ഉത്സാഹഭരിതനുമായ ഒരു വ്യക്തിയാണ്, അത് ടീമിലുടനീളം എത്തിക്കാൻ അദ്ദേഹം ശ്രമിച്ചു,” ബട്‌ലർ പറഞ്ഞു.
സഞ്ജു സാംസണിന് കീഴിൽ, മുൻ ചാമ്പ്യന്മാർ ഏഴ് മത്സരങ്ങളിലിറങ്ങിയപ്പോൾ മൂന്നെണ്ണം വിജയിച്ചു. കഴിഞ്ഞ വാരം ബയോ-ബബിളിൽ ഒന്നിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ സീസണിന്റെ മധ്യത്തിൽ ഐപിഎൽ നിർത്തിവയ്ക്കുകയായിരുന്നു.
“ഒരു നേതാവെന്ന നിലയിൽ ആധികാരികത പുലർത്തേണ്ടത് വളരെ പ്രധാനമാണ്, സഞ്ജുവിൽ അത് ധാരാളമുണ്ടെന്ന് ഞാൻ കരുതുന്നു,” ബട്‌ലർ കൂട്ടിച്ചേർത്തു.
The post ക്യാപ്റ്റൻസിയിലൂടെ സഞ്ജുവിന് ലഭിച്ചത് മികച്ച പഠന അനുഭവമെന്ന് ജോസ് ബട്ട്ലർ appeared first on Indian Express Malayalam.