മിലാൻ
ഇറ്റലിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നൂറഴക്. യുവന്റസിനായി ഈ മുപ്പത്താറുകാരൻ 100 ഗോൾ പൂർത്തിയാക്കി. മൂന്ന് ലീഗുകളിലായി 100 ക്ലബ് ഗോൾ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും റൊണാൾഡോ സ്വന്തംപേരിൽ ചാർത്തി. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായും സ്പെയ്നിൽ റയൽ മാഡ്രിഡിനുമായാണ് മൂന്നക്കം കടന്നത്. പോർച്ചുഗീസ് കുപ്പായത്തിലും റൊണാൾഡോയ്ക്ക് നൂറിലധികം ഗോളുണ്ട്.
ഇറ്റാലിയൻ ലീഗിൽ സാസുവോളോയ്ക്കെതിരെ ലക്ഷ്യം കണ്ടതോടെയാണ് റൊണാൾഡോയുടെ ഈ നേട്ടം. കളിയിൽ യുവന്റസ് 3–-1ന് ജയിച്ചു. ഈ സീസണിൽ 39 കളിയിൽ 35 ഗോളാണ് റൊണാൾഡോയ്ക്ക്. ഇറ്റാലിയൻ ലീഗിൽ 28 ഗോളുമായി ഗോൾവേട്ടക്കാരിലും ഒന്നാമനാണ്.
ഇതിനിടയിൽ റൊണാൾഡോയെ പഴയ ക്ലബ്ബായ സ്പോർടിങ് ലിസ്ബണിൽ തിരികെയെത്തിക്കാൻ ശ്രമിക്കുമെന്ന് മാതാവ് ഡൊളോറെസ് അവെയ്റോ പറഞ്ഞു. കടുത്ത സ്പോർടിങ് ആരാധികയായ റെണാൾഡോയുടെ അമ്മ ടീം പോർച്ചുഗീസ് ചാമ്പ്യൻമാരായതിനുപിന്നാലെയാണ് ആഗ്രഹം തുറന്നുപറഞ്ഞത്. സ്പോർടിങ്ങിലൂടെയാണ് റെണാൾഡോ പ്രഫഷണൽ മത്സരത്തിൽ അരങ്ങേറിയത്.